തലശേരി: വടകര പാർലമെന്റ് മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച മുൻ സിപിഎം നേതാവ് സി.ഒ.ടി നസീറിനെ വധിക്കാൻ ശ്രമിച്ച സംഭവത്തിൽ എ.എൻ.ഷംസീർ എംഎൽഎ യെ പോലീസ് ചോദ്യം ചെയ്യും. നിയമസഭ സമ്മേളനം കഴിഞ്ഞാലുടൻ എംഎൽഎയെ ചോദ്യം ചെയ്യുമെന്ന് തലശേരി ഡിവൈഎസ്പി കെ.വി.വേണുഗോപാൽ രാഷട്രദീപികയോട് പറഞ്ഞു.
സി.ഒ.ടി നസീറിന്റെ മൊഴിയിൽ എംഎൽഎയുടെ പേര് പരാമർശിക്കുന്ന സാഹചര്യത്തിലാണ് എ.എൻ.ഷംസീറിനെ ചോദ്യം ചെയ്യാൻ തീരുമാനിച്ചിട്ടുള്ളതെന്നും ഇതിന് മുന്നോടിയായി നസീറിൽ നിന്ന് ഒരിക്കൽ കൂടി മൊഴി രേഖപ്പെടുത്തുമെന്നും ഡിവൈഎസ്പി വ്യക്തമാക്കി.
ഇതിനിടയിൽ സംഭവത്തിൽ ഗൂഢാലോചന നടന്നത് എംഎൽഎ യുടെ സഹോദരൻ എ.എൻ.ഷഹീറിന്റെ ഉടമസ്ഥതയിലുള്ള ഇന്നോവ കാറിൽ വച്ചാണെന്നും പോലീസ് അന്വാഷണത്തിൽ കണ്ടെത്തി. എം എൽഎയുടെ പാറാലിലെ ആമിനാസ് എന്ന വിലാസം തന്നെയാണ് എറണാകുളം രജിസ്ട്രേഷനുള്ള ആർ.സി ബുക്കിലുള്ളത്.
ഈ സാഹചര്യം കൂടി കണക്കിലെടുത്താണ് എംഎൽഎയെ ചോദ്യം ചെയ്യാൻ പോലീസ് തീരുമാനിച്ചിട്ടുള്ളത്. മേയ് 18നാണ് നസീറിന് നേരെ തലശേരി കായ്യത്ത് റോഡിൽ വച്ച് വധശ്രമം നടന്നത്. കേസിൽ ഇതുവരെ ഒമ്പത് പ്രതികളാണ് അറസ്റ്റിലായത്. നൂറിലധികം പേരുടെ മൊഴി പോലീസ് രേഖപ്പെടുത്തിക്കഴിഞ്ഞു