തലശേരി: സിപിഎം സംസ്ഥാന സെക്രട്ടറിയുടേയും മുഖ്യമന്ത്രിയുടേയും തട്ടകത്തില്‍ പാളയത്തിലെ പട രൂക്ഷമാകുന്നു.സിപിഎം തലശേരി ഏരിയാ സമ്മേളനം നടക്കാനിരിക്കെ നഗരത്തിലെ ആയിരത്തിലധികം പാര്‍ട്ടി അനുഭാവികളും പ്രവര്‍ത്തകരുമായ യുവാക്കള്‍ പാര്‍ട്ടി വിടാന്‍ ഒരുങ്ങുന്നു. സിപിഐയിലെ പ്രമുഖ നേതാക്കളുമായി ഈ വിഭാഗം പ്രാഥമിക ചര്‍ച്ചകള്‍ നടത്തിയതായി അറിയുന്നു.
നാലായിരത്തോളം യുവാക്കള്‍ സജീവമായി പ്രവര്‍ത്തിക്കുന്ന കിവീസ് ക്ലബിന്റെ സ്ഥാപകനും നാല് വര്‍ഷക്കാലം പാര്‍ട്ടി ലോക്കല്‍ കമ്മറ്റി അംഗവും അഞ്ച് വര്‍ഷം സിപിഎമ്മിന്റെ നഗരസഭാ കൗണ്‍സിലറുമായിരുന്ന സി.ഒ.ടി നസീറിനെതിരേ പാര്‍ട്ടിയിലെ ചില നേതാക്കള്‍ നടത്തുന്ന ഗൂഢ നീക്കമാണ് പാര്‍ട്ടിക്കുള്ളില്‍ ചേരിതിരിവ് രൂക്ഷമാക്കിയിട്ടുള്ളത്.
പാര്‍ട്ടി വിടുന്നതിനെകുറിച്ചും സിപിഐയില്‍ ചേരുന്നതിനെകുറിച്ചുള്ള ചോദ്യങ്ങളോട് ഒന്നും തള്ളിക്കളയാന്‍ കഴിയില്ലെന്ന മറുപടിയാണ് സി.ഒ.ടി നസീര്‍ രാഷ്ട്രദീപികയ്ക്ക് നല്‍കിയത്. രാഷ്ട്രീയ പ്രവര്‍ത്തനവും പൊതു പ്രവര്‍ത്തനവും രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നതാണ്. അത് ഒഴിവാക്കില്ല. ചില ബാധ്യതകളുണ്ട്. അത് കഴിഞ്ഞാൽ ഉചിതമായ തീരുമാനമെടുക്കുമെന്നും യുവ സംരഭകന് കൂടിയായ നസീര്‍ വ്യക്തമാക്കി.
ഇതിനിടയില്‍ നസീറിന് ടി.പി ചന്ദ്രശേഖരന്റെ ഗതി വരുമെന്ന മുന്നറിയിപ്പും ലഭിച്ചു കഴിഞ്ഞു. പാര്‍ട്ടി മെമ്പര്‍ഷിപ്പ് കോളത്തില്‍ മതം രേഖപ്പെടുത്താന്‍ തയാറാകാത്തിനെ തുടര്‍ന്ന് പാര്‍ട്ടി അംഗത്വം നഷ്ടപ്പെട്ട നസീര്‍ മുഖ്യമന്ത്രി പിണറായി വിജയന് അറിയുന്നതിനായി ഫെയ്സ് ബുക്കില്‍ നടത്തിയ പോസ്റ്റ് നവ മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതിനിടയിലാണ് നസീറിനെ അനുകൂലിക്കുന്ന സിപിഎം അംഗങ്ങളും സഹയാത്രികരുമായ പാര്‍ട്ടി വിടാന്‍ തത്വത്തില്‍ തീരുമാനിച്ചിട്ടുള്ളത്. കോടതി അനുവദിച്ചിട്ടും നസീറിന്റെ പാസ്പോര്‍ട്ട് തിരിച്ച് ലഭിക്കാതിരിക്കാന്‍ പാര്‍ട്ടി നേതാക്കള്‍ ഗൂഡാലോചന നടത്തിയെന്ന ആരോപണം നേരത്തെ തന്നെ ഉയര്‍ന്നിരുന്നു.
‘ തലച്ചോറും നട്ടെല്ലും ആരുടെ മുന്നിലും അടിയറവ് വയ്ക്കില്ലെന്നും തന്റെ പാസ്പോര്‍ട്ട് ലോക്കല്‍ സമ്മേളനത്തില്‍ ഗ്രൂപ്പ് കളിച്ചവര്‍ ഭരണ സ്വാധീനമുപയോഗിച്ച് പോലീസ് സ്റ്റേഷനില്‍ തടഞ്ഞ് വെച്ചിരിക്കുകയാണെന്നും ചെറുപ്പത്തിലെ താങ്കള്‍ക്ക് എന്നെ അറിയുന്നതല്ലേയെന്നും ഒന്നുമല്ലെങ്കിലും താങ്കളുടെ ഭാര്യ എന്റെ ക്ലാസ് ടീച്ചറായിരുന്നില്ലേയും എന്തിന് എനിക്ക് നീതി നിഷേധിക്കുന്നുവെന്നും ഫെയ്സ് ബുക്കിലൂടെ മുഖ്യമന്ത്രിയോട് ചോദിച്ച നസീര്‍ നിലപാടില്‍ ഉറച്ചു നില്‍ക്കുമെന്നും അസഹിഷ്ണുത നല്ലതല്ലെന്നും മുഖ്യമന്ത്രിയെ ഓര്‍മിച്ചിരുന്നു.
ശ്രീലങ്കയില്‍ ഖത്തറിലെ വ്യവസായ പ്രമുഖനുമായി ചേര്‍ന്ന് ആശുപത്രി സമുച്ഛയം സ്ഥാപിക്കാനുള്ള നീക്കത്തിനിടിലാണ് പാര്‍ട്ടിയിലെ ചില നേതാക്കള്‍ ആസൂത്രിത നീക്കത്തിലൂടെ നസീറിന്റെ പാസ്പോര്‍ട്ട് തടഞ്ഞു വെച്ചത്. ബിസിനസ് ആവശ്യാര്‍ത്ഥം നിരവധിവിദേശ യാത്രകള്‍ നടത്തിയിട്ടുള്ള നസീറിന്റെ പാസ്പോര്‍ട്ടിന്റെ പേജുകളും തീര്‍ന്നിരുന്നു.
ഒരു വര്‍ഷം കൂടി കാലാവധിയുള്ള പാസ്പോര്‍ട്ട് ലഭിക്കാത്തതിനെ തുടര്‍ന്ന് നസീറിന്റെ വിദേശത്തുള്ള വ്യവസായ സംരഭങ്ങള്‍ ഇപ്പോള്‍ പ്രതിസന്ധിയിലാണുള്ളത്. പാര്‍ട്ടി നേതൃത്വം കൊടുത്തിട്ടുള്ള നിരവധി സമരങ്ങളില്‍ പങ്കെടുത്തിട്ടുള്ള നസീര്‍ നിരവധി കേസുകളിലും പ്രതിയായിട്ടുണ്ട്. ഈ കേസുകളെല്ലാം സ്വതന്ത്രമായിട്ടാണ് താന്‍ നടത്തുന്നതെന്നും നസീര്‍ വ്യക്തമാക്കി.