തലശേരി: ലോക്സഭാ തെരഞ്ഞെടുപ്പിൽ വടകരയിൽ മത്സരിച്ചതിന് സിപിഎം മുൻ നേതാവ് സി.ഒ.ടി.നസീറിനെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ കുറ്റപത്രം സമർപ്പിച്ചു.
തലശേരി പോലിസ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ 12 പേരും സിപിഎം പ്രവർത്തകരും അനുഭാവികളുമാണ്. വധശ്രമം, ന്യായവിരുദ്ധ സംഘം ചേരൽ, തെളിവ് നശിപ്പിക്കൽ തുടങ്ങിയ നിരവധി വകുപ്പുകൾ ചേർത്താണ് കേസെടുത്തിട്ടുള്ളത്.
2019 മേയ് 18നാണ് തലശേരി കായ്യത്ത് റോഡിൽ വച്ച് നസീർ ആക്രമിക്കപ്പെട്ടത്. സുഹൃത്തിന്റെ ഇരുചക്രവാഹനത്തിൽ പോവുന്നതിനിടെ മറ്റൊരു ഇരുചക്രവാഹനത്തിലെത്തിയ സംഘം നസീറിനെ അടിച്ചു റോഡിൽ വീഴ്ത്തി.
മലർന്നടിച്ച് വീണ നസീറിന്റെ ദേഹത്ത് കൂടി ബൈക്ക് കയറ്റുകയും ചെയ്തു. എഴുന്നേറ്റ് ഓടുന്നതിനിടയിൽ വീണ്ടും ഇരുമ്പ് വടി കൊണ്ട് അടിച്ചുവീഴ്ത്തിയെന്നാണ് കേസ്.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ വടകര മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ചതിന്റെ വൈരാഗ്യമാണ് അക്രമത്തിന് കാരണമെന്നായിരുന്നു കണ്ടെത്തൽ.