കോഴിക്കോട്: വടകരയില് വെട്ടേറ്റ സിപിഎം വിമത സ്ഥാനാര്ഥി സിഒടി നസീറിനെതിരായ വധശ്രമത്തിനു പിന്നില് മുന് കണ്ണൂര് ജില്ലാ സെക്രട്ടറി പി. ജയരാജന് പങ്കൊന്നുമില്ലെന്ന് നസീര് തന്നെ പറഞ്ഞതോടെ സംശയത്തിന്റെ മുന മറ്റൊരു നേതാവിലേക്ക് നീളുകയാണ്. നസീര് വടകരയില് വിമതനായതോടെ മറ്റൊരു ഒഞ്ചിയം ആവര്ത്തിക്കുമോയെന്ന ഭയത്തെത്തുടര്ന്നാണ് ആക്രമണം നടന്നതെന്ന സംശയമാണ് ഇപ്പോള് ഉയരുന്നത്. വധശ്രമത്തിനു പിന്നില് ഒരു തലശ്ശേരിയിലെ ഒരു ജനപ്രതിനിധിയും തലശ്ശേരിയിലെയും കൊളശ്ശേരിയിലെയും ഓരോ ലോക്കല് കമ്മിറ്റി അംഗങ്ങളുമാണെന്നു നസീര് പറയുന്നു.
ആശുപത്രി വിട്ടു തലശ്ശേരിയിലെ വീട്ടിലെത്തിയപ്പോവാണ് നസീര് ഇക്കാര്യം സൂചിപ്പിച്ചത്. ജനപ്രതിനിധിയുടെ പേര് അന്വേഷണ ഉദ്യോഗസ്ഥനോടു പറഞ്ഞിട്ടുണ്ടെന്നും പോലീസില് അന്വേഷിച്ചാല് പേരു ലഭിക്കുമെന്നും നസീര് പറഞ്ഞു. ആര്ക്കുനേരെയാണ് നസീര് വിരല് ചൂണ്ടുന്നതെന്ന കാര്യവും ഇതിനകം ചര്ച്ചാവിഷയമായി കഴിഞ്ഞു. ചാനല് ചര്ച്ചകലില് സജീവമായ എംഎല്എയുടെ നേര്ക്കാണ് ആരോപണമുന ഉയരുന്നത്. തലശ്ശേരി സ്റ്റേഡിയത്തിന്റെ നവീകരവുമായി ബന്ധപ്പെട്ട അഴിമതിയ്ക്കെതിരേ രംഗത്തു വന്നതാണ് ഈ എംഎല്എയെ പ്രകോപിച്ചതെന്നും ഏതാനും ദിവസമായി രണ്ടുപേര് തന്നെ പിന്തുടരുന്നത് ശ്രദ്ധയില്പ്പെട്ടിരുന്നെന്നും നസീര് പറയുന്നു.എന്നാല് സംഭവത്തിലെ ഗൂഢാലോചന അന്വേഷിച്ചു കുറ്റവാളികളെ പുറത്തു കൊണ്ടു വരുന്നതിനു പകരം സംഭവത്തില് നേരിട്ടു പങ്കെടുത്ത ഏതാനും പേരില് കേസ് ഒതുക്കി തീര്ക്കാനാണു പോലീസ് ശ്രമിക്കുന്നതെന്ന് നസീര് ആരോപിക്കുന്നു.
സിപിഎം ലോക്കല് കമ്മറ്റി അംഗമായിരുന്ന സിഒടി നസീര് ഏതാനും വര്ഷം മുമ്പാണ് പാര്ട്ടിയില് നിന്ന് പുറത്ത് പോയത്. പി.ജയരാജനെതിരെ മത്സരരംഗത്ത് വന്നപ്പോള്’ ‘മാറ്റി കുത്തിയാല് മാറ്റം കാണാം എന്നതായിരുന്നു പ്രചാരണ വാക്യം.തലശ്ശേരി നഗരസഭ കൗണ്സിലറും സിപിഎം. പ്രാദേശിക നേതാവും ആയിരുന്ന സി.ഒ.ടി. നസീര് 2015 ലാണ് പാര്ട്ടിയുമായി അകന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില് ഷംസീറിനെതിരെ തലശ്ശേരിയില് മത്സരിക്കാന് തയ്യാറായിരുന്നു. പക്ഷേ, അവസാന നിമിഷം പിന്മാറുകയാണുണ്ടായത്. മേപ്പയ്യൂര് ടൗണില് വോട്ടഭ്യര്ഥിച്ച് സംസാരിക്കുന്നതിനിടെ ഏപ്രിലില് ഇദ്ദേഹത്തിന് നേരെ ആക്രമണമുണ്ടായിരുന്നു. ഇത് മൂന്നാം തവണയാണ് വെട്ടേല്ക്കുന്നത്.