തലശേരി: തന്നെ വധിക്കാന്‍ ശ്രമിച്ച സംഭവത്തിനു പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ട് വരണമെന്നാവശ്യപ്പെട്ട് വടകര പാര്‍ലമെന്റ് മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാര്‍ഥിയും മുന്‍ സിപിഎം നേതാവുമായിരുന്ന സി.ഒ.ടി.നസീര്‍ ഹൈക്കോടതിയിലേക്ക്.
അതിനിടെ കേസില്‍ അറസ്റ്റിലായ എരഞ്ഞോളി പൊന്ന്യത്തെ ചേരി പുതിയവീട്ടില്‍ അശ്വന്തിനെ പോലീസ് ക്രൂരമായി മര്‍ദിച്ചുവെന്നാരോപിച്ച് അശ്വന്തിന്റെ സഹോദരന് സുഗിദ് മുഖ്യമന്ത്രിക്കും മനുഷ്യാവകാശ കമ്മീഷനും സംസ്ഥാന പോലീസ് ചീഫിനും പരാതി നല്കി.
ഒരു ഉന്നതൻ ഉള്‍പ്പെടെയുള്ളവര്‍ ഗൂഢാലോചന നടത്തിയെന്ന് പറഞ്ഞതോടെ അന്വേഷണം നിലച്ച സ്ഥിതിയാണെന്ന് നസീര്‍ ആരോപിച്ചു. തന്നെ വധിക്കാന്‍ ശ്രമിച്ചയാളുകള്‍ ഇപ്പോള്‍ കൂളായി നടക്കുകയാണ്. ഈ സാഹചര്യത്തില്‍ ഗൂഢാലോചന പുറത്തുകൊണ്ടുവരാന്‍ പുറത്തുനിന്നുള്ള ഏജന്‍സി അന്വേഷണം ഏറ്റെടുക്കണം.
അതുകൊണ്ടാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുന്നതെന്നും ഇതുസംബന്ധിച്ച് കൊച്ചിയിലെ മുതിര്‍ന്ന അഭിഭാഷകരില്‍ നിന്ന് നിയമോപദേശം തേടിയതായും സി.ഒ.ടി.നസീര്‍ രാഷ്ട്രദീപികയോട് പറഞ്ഞു.ഇതിനിടയില്‍ കേസിലെ മറ്റ് പ്രതികള്‍ക്കായി എസ്ഐ ഹരീഷിന്റെ നേതൃത്വത്തില്‍ പോലീസ് സംഘം ഇന്നലെ രാത്രി കൊളശേരി മേഖലയില്‍ വ്യാപകമായ റെയ്ഡ് നടത്തി.
ഉന്നതനായ ജനപ്രതിനിധിക്ക് സംഭവത്തില്‍ പങ്കുണ്ടെന്ന സി.ഒ.ടി. നസീറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ നാളെ നസീറില്‍ നിന്ന് വീണ്ടും വിശദമായ മൊഴി രേഖപ്പെടുത്തുമെന്നും ഇതിനകം 25 പേരില്‍ നിന്ന് തെളിവെടുപ്പ് നടത്തിയതായും അന്വേഷണ ഉദ്യോഗസ്ഥനായ ടൗണ്‍ സിഐ വിശ്വംഭരന് നായര്‍ രാഷ്ട്രദീപികയോട് പറഞ്ഞു.
തലശേരിയിലെ ഉന്നതനായ ജനപ്രതിനിധിയും രണ്ടു പ്രദേശീയ നേതാക്കളുമാണ് തന്നെ വധിക്കാന്‍ ശ്രമിച്ചതിനു പിന്നിലെന്ന് നസീര്‍ മാധ്യമങ്ങിലൂടെ ആവര്‍ത്തിക്കുന്ന സാഹചര്യത്തിലാണ നസീറില്‍ നിന്ന് വീണ്ടും മൊഴിയെടുക്കുന്നത്.
കേസില്‍ അറസ്റ്റിലായി തലശേരി സബ് ജയിലില്‍ റിമാൻഡില്‍ കഴിഞ്ഞിരുന്ന അശ്വന്തിനെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. അശ്വന്തിനെ ഇന്നലെ കോഴിക്കോട് മെഡിക്കല്‍ കോളജ് അശുപത്രിയില്‍ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്തു.
തന്നെ കസ്റ്റഡിയിലെടുത്ത പോലീസ് സഹോദരന് അശ്വന്ത് വന്നാലേ വിട്ടയക്കുവെന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് 24 ന് സ്റ്റേഷനിലെത്തിയതെന്നും രണ്ട് ദിവസം തന്നെ കസ്റ്റഡിയില്‍ വച്ച പോലീസ് അശ്വന്ത് എത്തിയ ശേഷമാണ് വിട്ടയച്ചതെന്നും അശ്വന്തിനെ ക്രൂരമായി മര്‍ദിച്ചുവെന്നും സുഗിദ് മുഖ്യമന്ത്രിയുള്‍പ്പെടെയുള്ളവര്‍ക്ക് നല്കിയ പരാതിയില്‍ പറഞ്ഞു.
അശ്വന്തിന്റെ വിരലുകള്‍ക്കിടയില്‍ പെന്‍സില്‍ അമര്‍ത്തിപ്പിടിക്കുകയും കൈമുട്ടിലെ ഞരമ്പില്‍ പെന്‍സില്‍ വെച്ച് ഞരമ്പിന് ക്ഷതമേല്‍പ്പിക്കുകയും കുനിച്ച് നിര്‍ത്തി ഷൂസിട്ട് പുറത്തു ചവിട്ടുകയും ചെയ്തു. രണ്ട് ദിവസവും ക്രൂരമായ മര്‍ദനമാണ് പോലീസുകാര്‍ നടത്തിയത്. മര്‍ദനവിവരം പുറത്തു പറഞ്ഞാന്‍ പിന്നെ പുറം ലോകം കാണിക്കില്ലെന്ന് പോലീസുകാര്‍ ഭീഷണിപ്പെടുത്തിയതായും സുഗിദ് പരാതിയില്‍ പറയുന്നു.
18 ന് രാത്രിയാണ് നസീറിനെ നേരെ കായ്യത്ത് റോഡില്‍ വച്ച് വധശ്രമമുണ്ടായത്.വയറിനും കൈക്കും തലയ്ക്കും ഗുരുതരമായി പരിക്കേറ്റ നസീര്‍ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലെ ചികിത്സയ്ക്കു ശേഷം 24 ന് വൈകുന്നരമാണ് കായ്യത്ത് റോഡിലെ വീട്ടില്‍ തിരിച്ചെത്തിയത്.അശ്വന്ത് ഉള്‍പ്പെടെ രണ്ടു പേരെയാണ് ഈ കേസില്‍ പോലീസ് ഇതുവരെ അറസ്റ്റ് ചെയ്തത്.