രണ്ടര വയസ്സുകാരനു ചുമയ്ക്കു നല്‍കിയ മരുന്നു വീണ് കുട്ടിയുടെയും അമ്മയുടെയും സ്വര്‍ണാഭരണത്തിന്റെ നിറം മങ്ങി വെളുത്തു. കുഞ്ഞ് തട്ടിത്തെറിപ്പിച്ച മരുന്നു തുള്ളി വീണ് കുഞ്ഞിന്റെ ബ്രേസ്‌ലറ്റ്, അമ്മയുടെ മാല എന്നിവയുടെ സ്വര്‍ണ നിറമാണു മണിക്കൂറുകള്‍ക്കുള്ളില്‍ വെള്ളി പോലായത്. ഊരുട്ടമ്പലം പ്ലാവിള സ്വദേശിയുടെ മകന്‍ അദ്വൈതിന് തിരുവനന്തപുരം പി ആര്‍ എസ് ആശുപത്രിയില്‍ നിന്നെഴുതി നല്‍കിയ മരുന്നാണ് വില്ലനായത്. മരുന്നുകഴിച്ചെങ്കിലും കുട്ടിക്ക് അസ്വസ്ഥതകളൊന്നുമില്ല. വിവരം അറിഞ്ഞ മരുന്നു കമ്പനിക്കാര്‍ ആശുപത്രിയില്‍ കുട്ടിയുടെ രക്ഷിതാക്കളെ വിളിച്ചു മരുന്നിന്റെ സാമ്പിള്‍ വാങ്ങി.
സമൂഹ മാധ്യമത്തില്‍ ഈ വിവരം പോസ്റ്റ് ചെയ്തതിനു കാണിച്ചുതരാമെന്ന ഭീഷണിയും കമ്പനി പ്രതിനിധിയുടെ ഭാഗത്തുനിന്നുണ്ടായെന്നും, ഭീഷണി സംബന്ധിച്ചു പൊലീസില്‍ പരാതി നല്‍കുമെന്നും രക്ഷിതാക്കള്‍ അറിയിച്ചു. മരുന്നു വീണു സ്വര്‍ണം നിറം മാറിയതോടെ മരുന്നു കഴിച്ച കുഞ്ഞിന്റെ ആരോഗ്യത്തെപ്പറ്റി ഉത്ക്കണ്ഠാകുലരായ രക്ഷിതാക്കള്‍ വിവരം ആശുപത്രി അധികൃതരെ അറിയിക്കുകയായിരുന്നു. തുടര്‍ന്നു വൈകിട്ട് മരുന്നിന്റെ സാംപിള്‍ ആശുപത്രിയിലെത്തിച്ചു. ഇതിനുശേഷമാണു മെഡിക്കല്‍ പ്രതിനിധി എന്ന പേരില്‍ ഒരാള്‍ വിളിച്ചു ഭീഷണിപ്പെടുത്തിയത്. പതിനായിരത്തിലധികം കുപ്പി മരുന്നാണു മാസം വിറ്റുപോകുന്നതെന്നും കാണിച്ചുതരാമെന്നുമായിരുന്നു ഭീഷണിയെന്നു കുഞ്ഞിന്റെ പിതാവ് പറഞ്ഞു.
ബോട്ടിലില്‍ രേഖപ്പെടുത്തിയ കമ്പനിയുടെ വിലാസം നെറ്റില്‍ തിരഞ്ഞ് ഫോണ്‍ നമ്പരില്‍ വിളിച്ചെങ്കിലും നമ്പരുകള്‍ ഒന്നും നിലവിലില്ലെന്നായിരുന്നു മറുപടി. തുടര്‍ന്നാണ് ആശുപത്രി അധികൃതരോടു പരാതിപ്പെട്ടത്. ഇവരിടപെട്ടാണു കമ്പനി പ്രതിനിധിയെ വരുത്തിയത്.
സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ച കുറിപ്പ് ഇങ്ങനെ…
ഹലോ ഫ്രണ്ട്സ് എന്റെ പേര് ശബരിനാഥ്
ഒക്ടോബര്‍ 2017 ന് എന്റ കുഞ്ഞിനെ തിരുവനന്തപുരം prs ആശുപത്രിയില്‍ പനിയും ചുമയും കാരണം dr കാണിച്ചു .അദ്ദേഹം എഴുതി തന്ന മരുന്നില്‍ ഒരു syrup ഉണ്ടായിരുന്നു പേര് TUSPIL LS മൂന്ന് ദിവസം ഞാന്‍ കുഞ്ഞിന് അത് കൊടുത്തു ഇന്നലെ രാത്രി കുട്ടി മരുന്ന് കഴിച്ച ശേഷം അത് ശര്‍ദിച്ചു കുഞ്ഞിന്റെ കയ്യില്‍ കിടന്ന ബ്രേസ്‌ലറ്റില്‍ അത് വീണു മരുന്ന് നല്‍കിയ എന്റെ ഭാര്യയുടെ മാലയിലുംവീണു .
അല്‍പ്പം സമയം കഴിഞ്ഞു നോക്കുമ്പോള്‍ സ്വര്‍ണത്തിന്റെ നിറം മാറുകയും അത് പൊട്ടി പോകുകയും ചെയ്തു . നമ്മള്‍ മനസിലാക്കേണ്ട കാര്യം എന്തെന്നാല്‍ കുട്ടികള്‍ക്ക് നല്‍കുന്ന മരുന്നില്‍ പോലും ഇത്തരം മാരകമായ CHEMICALS ആണ് ഉപയോഗിക്കുന്നത്. ദയവ് ചെയ്ത് ആരും ഇത്തരം മരുന്നുകള്‍ കുട്ടികള്‍ക്ക് നല്‍കരുത്. ബഹുമാനപെട്ട dr മാരോട് സ്വന്തം ലാഭം മാത്രം നോക്കി കൊണ്ട് കുട്ടികള്‍ക്കെങ്കിലും ഇത്തരം മാരക chemicals അടങ്ങിയ മരുന്നുകള്‍ നല്‍കാതിരിക്കുക.