രണ്ട് ആഴ്ചയിലധികമായുള്ള വിട്ടുമാറാത്ത ചുമയാണ് പ്രധാന ക്ഷയരോഗലക്ഷണമെങ്കിലും ചിലപ്പോൾ പനി മാത്രമാകാം. വിശപ്പില്ലായ്മയും അകാരണമായി ഭാരം കുറയുകയും ചെയ്യാം. എങ്കിലും പ്രമേഹവും മറ്റ് അനുബന്ധ അസുഖങ്ങളും ഉള്ളവർക്ക് കാര്യമായ ബാഹ്യക്ഷയരോഗ ലക്ഷണങ്ങൾ തുടക്കത്തിൽ കണ്ടെന്നുവരില്ല. അതിനാൽ പ്രമേഹരോഗികളും ക്ഷയരോഗികളുമായി സന്പർക്കമുള്ളവരും എച്ച്ഐവി ബാധിതരും, പുകവലിക്കാരും ഇടയ്ക്കിടെ ക്ഷയരോഗ പരിശോധനയ്ക്ക് വിധേയമാകേണ്ടതാണ്.
പരിശോധനകൾ
കഫ പരിശോധന മൈക്രോസ്കോപ്പ് വഴി നടത്തുകയാണ് എളുപ്പവും ഫലപ്രദവുമായ ശ്വാസകോശ ക്ഷയരോഗനിർണയവഴി. രണ്ട് ആഴ്ചയിലധികം ചുമയുള്ളവരും പനിയുള്ളവരും മറ്റും കഫത്തിന്റെ രണ്ടു സാന്പിളുകൾ ഒരു അംഗീകൃതലാബിൽ (DMC) ചെയ്യുകയാണ് വേണ്ടത്. ഇതിന് പ്രാഥമിക പരിഗണന നൽകേണ്ടത് ഒരു ഡോക്ടറാണ്.ലക്ഷണങ്ങൾ വഴി ക്ഷയം സംശയിക്കപ്പെട്ടില്ലെങ്കിൽ അയാളുടെ ക്ഷയരോഗം കണ്ടുപിടിക്കപ്പെടാതെ പോകുന്നു.
ഇത് കേരളത്തിൽ അല്ലെങ്കിൽ ഇന്ത്യയിൽ തന്നെ വളരെ കുറഞ്ഞുപോകുന്നതാണ് ക്ഷയരോഗികൾ ചികിത്സിക്കപ്പെടാതെ പോകുന്നതിനും പകർത്തുന്നതിനും കാരണം. പദ്ധതിയുടെ ഇപ്പോഴുള്ള ലക്ഷ്യം രോഗലക്ഷണങ്ങൾ തിരിച്ചറിഞ്ഞ് ഒരാൾ സ്വയം കഫ പരിശോധനയ്ക്ക് വിധേയമാക്കുക എന്നതാണ്. ഇതിനായി വളരെ വിശാലമായ ലബോറട്ടറി സംവിധാനങ്ങളും പരിശോധന മാർഗങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.
രാജ്യത്തുടനീളം സൗജന്യ കഫ പരിശോധനയും MDR ക്ഷയരോഗം കണ്ടെത്തുന്നതിനുള്ള ന്യൂക്ലിക് ആസിഡ് ആംപ്ലിഫിക്കേഷൻ ടെസ്റ്റുകളും സൗജന്യമായി നടപ്പാക്കിയിട്ടുണ്ട്. സ്വകാര്യ മേഖലകളിലും പരിശോധനകൾ ലഭ്യമാണ്. എങ്കിലും ഫലപ്രദമായ ഒരു രക്തപരിശോധന ക്ഷയരോഗനിർണയത്തിന് ഇതുവരെ കണ്ടെത്താൻ കഴിയാത്തത് ഏറ്റവും വലിയ വെല്ലുവിളിയാണ് ഇന്നും. കൂടാതെ ഇപ്പോൾ രോഗലക്ഷണങ്ങൾ ഉള്ളവരിലേക്ക് എത്തിച്ചേരുന്നതിന് ‘ആക്ടീവ് കേസ് ഫൈൻഡിംഗ്’ സംവിധാനങ്ങൾ നടപ്പിലാക്കുന്നുണ്ട്.
പൊതുജനങ്ങൾക്ക് ക്ഷയരോഗ ലക്ഷണങ്ങളെക്കുറിച്ചും പരിശോധന സംവിധാനങ്ങളെ കുറിച്ചുമുള്ള അറിവില്ലായ്മ പ്രധാനവെല്ലുവിളിയാണ്. ശരീരത്തിൽ ക്ഷയം എവിടെ വേണമെങ്കിലും ബാധിക്കാം എങ്കിലും പ്രധാനകേന്ദ്രം ശ്വാസകോശം ആണ്. മറ്റു ഭാഗങ്ങളിൽ ബാധിക്കുന്ന ക്ഷയരോഗങ്ങൾ തിരിച്ചറിയാൻ സൈറ്റോളജി, ബയോപ്സി, CBNAAT, എക്സ്-റേ, സിടി തുടങ്ങിയ സംവിധാനങ്ങൾ ഉപയോഗിക്കാറുണ്ട്. എങ്കിലും ശ്വാസകോശ ക്ഷയരോഗിയാണ് രോഗം പകർത്തുന്നത് എന്നതിനാൽ ഇവരെ കണ്ടെത്തുന്നതിനാണ് മുൻഗണന നൽകുന്നത്.
വിവരങ്ങൾ – എം.കെ. ഉമേഷ് STLS, IES കോർഡിനേറ്റർ,
ജില്ല ടിബി സെന്റർ, കണ്ണൂർ