ജനീവ: പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ഗാംബിയയിൽ 66 കുട്ടികൾ മരിക്കാൻ കാരണം ഇന്ത്യയിലെ മെയ്ഡൻ ഫാർമസ്യൂട്ടിക്കൽസ് കന്പനി നിർമിച്ച ചുമയ്ക്കുള്ള നാലു സിറപ്പുകളാണെന്ന് ലോകാരോഗ്യസംഘടന അറിയിച്ചു.
പ്രോമെത്തസിൻ ഓറൽ സൊലൂഷൻ, കൊഫെക്സ്മാലിൻ ബേബി കഫ് സിറപ്പ്, മേക്കോഫ് ബേബി കഫ് സിറപ്പ്, മാഗ്രിപ് എൻ കോൾഡ് സിറപ്പ് എന്നിവയാണവ.
ഈ മരുന്നുകളുടെ വില്പന ഉടൻ നിർത്തണമെന്നാണു നിർദേശം. ലോകാരോഗ്യസംഘടനയുടെ വെബ്സൈറ്റിൽ അറിയിപ്പ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഗാംബിയയിലെ കുട്ടികൾ വൃക്കസംബന്ധമായ അസുഖം മൂലം മരിച്ചതിനെത്തുടർന്ന് ഓരോ സിറപ്പും പരിശോധനയ്ക്കു വിധേയമാക്കുകയായിരുന്നു.
മരുന്നുകളിൽ ഡൈഈതൈലീൻ ഗ്ലൈക്കോൾ, ഈതൈലീൻ ഗ്ലൈക്കോൾ എന്നീ വിഷവസ്തുക്കൾ അനുവദനീയമായ അളവിൽക്കൂടുതൽ അടങ്ങിയതായി കണ്ടെത്തി.
ഇന്ത്യയിലെ അധികൃതരും സംഭവത്തിൽ അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഗാംബിയയിൽ മാത്രമാണ് ഈ മരുന്നുകൾ കണ്ടെത്തിയിട്ടുള്ളത്.