ന്യൂഡൽഹി: കോവിഡ് വാക്സിൻ വിലയുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരിന് സുപ്രീംകോടതിയുടെ രൂക്ഷ വിമർശനം.
വാക്സിന് കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും എന്തുകൊണ്ടാണ് രണ്ടു വിലയെന്നും എന്ത് യുക്തിയുടെ അടിസ്ഥാനത്തിലാണിതെന്നും സുപ്രീംകോടതി ചോദിച്ചു.
സംസ്ഥാനങ്ങൾക്ക് വാക്സിൻ ലഭിക്കുന്നതിൽ എങ്ങനെ തുല്യത ഉറപ്പാക്കുമെന്ന് ആരാഞ്ഞ കോടതി, വാക്സിൻ ഉത്പാജനം കൂട്ടാൻ സർക്കാർ നേരിട്ട് പണം നിക്ഷേപിക്കണമെന്നും ആവശ്യപ്പെട്ടു.
വാക്സിൻ വില കമ്പനികൾക്ക് വിട്ടുകൊടുക്കരുത്. മറ്റ് പ്രതിരോധ കുത്തിവയ്പ്പുകൾ പോലെ ഇതും സൗജന്യമാക്കാൻ ആലോചിക്കണം.
സംസ്ഥാനങ്ങൾക്ക് ഓക്സിജൻ ലഭ്യത ഉറപ്പാക്കാൻ ആവശ്യമായതെല്ലാം ചെയ്യാം. പല സംസ്ഥാനങ്ങളിലും ഓക്സിജൻ ആവശ്യത്തിന് ഇല്ലെന്നും കോടതി പറഞ്ഞു.
നിർബന്ധിത പേറ്റന്റ് വാങ്ങി വാക്സിൻ വികസനത്തിന് നടപടി സ്വീകരിച്ചു കൂടെ. കേന്ദ്രസർക്കാരിന് തന്നെ നൂറ് ശതമാനം വാക്സിനും വാങ്ങി വിതരണം ചെയ്തുകൂടെയെന്നും കോടതി ചോദിച്ചു.
കേന്ദ്രം സംസ്ഥാനങ്ങൾക്ക് ഓക്സിജൻ നൽകുന്നതുമായി ബന്ധപ്പെട്ട വിവരങ്ങൾ കൃത്യമായി തത്സമയം അറിയിക്കണം.
നിരക്ഷരരായ ആളുകളുടെ വാക്സിൻ രജിസ്ട്രേഷൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ എങ്ങനെയാണ് ഉറപ്പ് വരുത്തുന്നതെന്നും സുപ്രീംകോടതി ചോദിച്ചു.