ന്യൂഡൽഹി: ജാതിവെറിയുടെ പേരിൽ രാജസ്ഥാനിൽ മലയാളി യുവാവിനെ വെടിവച്ചു കൊന്നയാളുടെ ജാമ്യം സുപ്രീംകോടതി റദ്ദാക്കി.
സഹോദരി മറ്റൊരു ജാതിയിൽ പെട്ട മലയാളി യുവാവിനെ വിവാഹം കഴിച്ചതിനെത്തുടർന്നുണ്ടായ ദുരഭിമാന കൊലപാതക കേസിലെ പ്രതി മുകേഷ് ചൗധരിക്ക് ഹൈക്കോടതി നൽകിയ ജാമ്യമാണ് ചീഫ് ജസ്റ്റീസ് എൻ.വി. രമണയുടെ അധ്യക്ഷതയിലുള്ള സുപ്രീംകോടതി ബെഞ്ച് റദ്ദാക്കിയത്.
ഗർഭിണിയായ സ്വന്തം സഹോദരിയുടെ മുന്നിലിട്ടാണു മുകേഷ് ചൗധരിയുടെ ഗൂഢാലോചനയിൽ സഹോദരീഭർത്താവായ അമിതിനെ വകവരുത്തിയത്.
ജയ്പൂരിൽ സ്ഥിരതാമസക്കാരനായ മലയാളി യുവാവ് അമിത് നായർ ആണ് രാജസ്ഥാൻ കുടുംബത്തിന്റെ ദുരഭിമാന കൊലയ്ക്കിരയായത്.
ഭർത്താവിന്റെ കൊലപാതകത്തിന് ഉത്തരവാദിയായ സഹോദരന് ജാമ്യം ലഭിച്ചതിനെതിരേ മംമ്ത തന്നെയാണ് സുപ്രീംകോടതിയിൽ ഹർജി നൽകിയത്.
പത്തനംതിട്ട അടൂർ മണ്ണടി സ്വദേശികളായ അമിത് നായരും കുടുംബവും വർഷങ്ങളായി ജയ്പു രിലായിരുന്നു സ്ഥിരതാമസം. സിവിൽ എൻജിനിയറായിരുന്ന അമിത്തും അഭിഭാഷകയായ മംമ്ത ചൗധരിയും പ്രണയിച്ചു വിവാഹം കഴിച്ചവരായിരുന്നു.
മംമ്തയുടെ കുടുംബം അന്നേ കടുത്ത എതിർപ്പ് ഉയർത്തിയതിനാൽ കേരളത്തിൽവച്ചായിരുന്നു വിവാഹ ചടങ്ങുകൾ. പിന്നീട് മംമ്ത ഗർഭിണിയായപ്പോഴാണ് ഇവരുടെ കുടുംബം അടുപ്പം കാണിച്ചു തുടങ്ങിയത്.
പിന്നീട് 2017 മേയ് 17ന് ഇവരുടെ വീട്ടിൽ സന്ദർശനത്തിനെത്തിയതാണ് മംമ്തയുടെ മാതാപിതാക്കളും സഹോദരനും സുഹൃത്തും അടങ്ങുന്ന സംഘം.
അതിനിടെ ഉണ്ടായ വാക്കുതർക്കത്തിനിടയിൽ മുകേഷ് ചൗധരിക്കൊപ്പം എത്തിയ ആൾ നാടൻ തോക്കുപയോഗിച്ച് അമിത്തിനെ വെടിവച്ചു വീഴ്ത്തുകയായിരുന്നു.
നാലു തവണ വെടിയേറ്റ അമിത് ആശുപത്രിയിൽ എത്തിക്കുന്പോഴേക്കും മരിച്ചിരുന്നു. ജയ്പുർ സ്വദേശിയായ രമാദേവിയും പരേതനായ സോമൻ പിള്ളയുമാണ് അമിത്തിന്റെ മാതാപിതാക്കൾ.
സംഭവത്തിൽ മംമ്തയുടെ മാതാപിതാക്കളായ ജീവൻ റാം ചൗധരിയും ഭാഗ്വാനി ദേവിയും അജ്ഞാതരായ ചിലർക്കൊപ്പം എത്തി കൊലപാതകം നടത്തുകയായിരുന്നുവെന്നാണ് പോലീസ് കേസ്.
വീട്ടിൽ അതിക്രമിച്ചു കയറൽ, കൊലപാതകം, ക്രിമിനൽ ഗൂഢാലോചന എന്നീ വകുപ്പുകളായിരുന്നു മുകേഷ് ഉൾപ്പെടെയുള്ള പ്രതികൾക്കെതിരേ ചുമത്തിയിരുന്നത്. കൊലപാതകം നടത്താനുപയോഗിച്ച തോക്ക് മുകേഷ് വാടകയ്ക്ക് എടുത്തതാണെന്ന് പോലീസ് പിന്നീട് കണ്ടെത്തിയിരുന്നു.