ഹൈദരാബാദ്: വോട്ടർമാർക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കാനാവുന്നില്ലെന്നു പറഞ്ഞ് കൗൺസിൽ യോഗത്തിനിടെ ആന്ധ്രയിലെ കൗൺസിലർ ചെരിപ്പുകൊണ്ട് സ്വയം മുഖത്തടിച്ചു.
അനകപ്പള്ളി ജില്ലയിൽ നരസിപട്ടണം നഗരസഭയിലെ 20ാം വാർഡ് കൗൺസിലർ മുളപ്പർത്തി രാമരാജു ആണ് സ്വയം ശിക്ഷിച്ചത്.
താൻ കൗൺസിലറായി തെരഞ്ഞെടുക്കപ്പെട്ടിട്ട് 31 മാസമായി, പക്ഷേ എന്റെ വാർഡിലെ ഡ്രൈയിനേജ്, വൈദ്യുതി, ശുചിത്വം, റോഡുകൾ തുടങ്ങിയ പ്രശ്നങ്ങളൊന്നും പരിഹരിക്കാൻ എനിക്ക് കഴിയുന്നില്ല.
എല്ലാ വഴികളും പരീക്ഷിച്ചു. തന്റെ വാർഡിനെ നഗരസഭാ ഉദ്യോഗസ്ഥർ പാടേ അവഗണിക്കുകയാണ്. വോട്ടർമാരോട് ചെയ്ത വാഗ്ദാനങ്ങൾ പാലിക്കാൻ കഴിയാത്തതിനാൽ മരിക്കുന്നതാണ് നല്ലതെന്ന് തോന്നിയെന്നും രാമരാജു പറഞ്ഞു.
ഓട്ടോറിക്ഷ ഓടിച്ച് ഉപജീവനം നടത്തുന്ന 40 കാരനായ രാമരാജുവിനെ തെരഞ്ഞെടുപ്പിൽ ടിഡിപി പിന്തുണച്ചിരുന്നു.