കളമശേരി: അയൽവാസിയുടെ വീട്ടിലെ അടുക്കളയിൽ കുത്തേറ്റനിലയിൽ കണ്ടെത്തിയ ഏലൂർ നഗരസഭ മുൻ സിപിഎം വനിതാ കൗൺസിലർ ഗുരുതരാവസ്ഥയിൽ. അതേ വീട്ടിലെ ഗൃഹനാഥനെ ഡൈനിംഗ് ഹാളിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തി. ഏലൂർ മഞ്ഞുമ്മൽ ജനത സ്റ്റോപ്പിനു സമീപം കുണ്ടേക്കാത്ത് വിശ്വനാഥന്റെ മകൻ വിജിൽ കുമാർ (48) ആണു മരിച്ചത്. കൂവേക്കാട് ഹൗസിൽ ഷിജി ഷിബുവിനാണു (36) കുത്തേറ്റത്.
ഇന്നലെ രാവിലെ ഒന്പതിനാണു കുത്തേറ്റതെന്നാണു ഷിജിയുടെ മൊഴി. എന്നാൽ ഇന്നലെ ഉച്ചയ്ക്കു 12.45 ഓടെ അയൽവാസിയായ ഒരു യുവതി ചോരയിൽ കുളിച്ചുകിടക്കുന്ന ഷിജിയെ കണ്ടതോടെയാണു സംഭവം നാട്ടുകാർ അറിയുന്നത്. നാട്ടുകാർ ഓട്ടോറിക്ഷയിൽ കയറ്റി ഷിജിയെ ഇടപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയയായ ഷിജി അപകടനില തരണം ചെയ്തിട്ടില്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
ഷിജിക്കു കുത്തേറ്റ സംഭവമറിഞ്ഞു പോലീസ് വീട്ടിലെത്തിയപ്പോഴാണു വിജിലിനെ തൂങ്ങിമരിച്ചനിലയിൽ കണ്ടത്. ഷിജിയെ വധിക്കാൻ ശ്രമിച്ചശേഷം വിജിൽ ജീവനൊടുക്കിയതായാണു പോലീസിന്റെ പ്രാഥമികനിഗമനം. കുത്തിയതു വിജിൽ ആണെന്നു ഷിജി നാട്ടുകാരോടു പറഞ്ഞതായും സൂചനയുണ്ട്. ആത്മഹത്യക്കുറിപ്പൊന്നും ലഭിച്ചിട്ടില്ല. സംഭവസമയത്ത് ഇരുവരുടെയും വീടുകളിൽ ആരുമുണ്ടായിരുന്നില്ല.
ഷിജിയുടെ പിതൃമാതാവ് സുഖമില്ലാതെ ആശുപത്രിയിൽ ചികിത്സയിലാണ്. വ്യാഴാഴ്ച രാത്രി ആശുപത്രിയിലായിരുന്ന ഷിജി ഇന്നലെ രാവിലെയാണു വീട്ടിലെത്തിയത്. ഒരു വർഷം മുൻപ് വിജിൽ കുമാർ ശല്യം ചെയ്തതിനെത്തുടർന്നു ഷിജിയുടെ വീട്ടുകാർ പരാതി നൽകിയിരുന്നു. തുടർന്ന് ഏലൂർ പോലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തി വിജിലിനെ താക്കീത് ചെയ്യുകയും ചെയ്തിരുന്നു. കലൂർ സ്വദേശിയായിരുന്ന ഇയാൾ അഞ്ചുവർഷം മുൻപാണ് മഞ്ഞുമ്മലിൽ വീട് വാങ്ങി താമസം തുടങ്ങിയത്.
ഭാര്യ: രതി. മക്കൾ: വിഷ്ണു, വിനീത്. വിജിലിന്റേത് രണ്ടാംവിവാഹമാണ്. ഷിജിയുടെ ഭർത്താവ് മരണമടഞ്ഞതാണ്. രണ്ട് പെൺകുട്ടികളുണ്ട്. അഞ്ജു(പ്ലസ് ടു). അപർണ(ഒന്പതാം ക്ലാസ്) . ഏലൂർ എസ്ഐ അഭിലാഷ്, എറണാകുളം നോർത്ത് സിഐ പീറ്റർ എന്നിവരുടെ നേതൃത്വത്തിൽ സംഭവസ്ഥലത്തെത്തി ഇൻക്വസ്റ്റ് തയാറാക്കി. ഫോറൻസിക് വിഭാഗം എത്തി തെളിവുകൾ ശേഖരിച്ചു.