ഷൊർണൂർ: നഗരസഭാ കൗണ്‍സിലർക്കെതിരേ പോലീസ് കേസെടുത്തു. നഗരസഭാ കൗണ്‍സിൽ യോഗത്തിൽ ഹാജരാകാതിരുന്ന ബിജെപി അംഗം എം.കെ.വിപിൻനാഥിന്റെ ഒപ്പ് വ്യാജമായി മിനിറ്റ്സിൽ രേഖപ്പെടുത്തിയതാണ് ബിജെപിയിലെ തന്നെ മറ്റൊരു കൗണ്‍സിലറായ സിനി മനോജിനെതിരേ കേസെടുക്കാൻ കാരണമായത്.
നഗരസഭാ ചെയർപേഴ്സണ്‍ വി.വിമലയുടെ പരാതിയെ തുടർന്നാണ് ഷൊർണൂർ പോലീസ് ആൾമാറാട്ടം, വ്യാജരേഖ ചമയ്ക്കൽ, വഞ്ചന എന്നീ വകുപ്പുകൾ ചേർന്നാണ് സിനി മാനോജിനെതിരേ കേസെടുത്തത്. കൈയക്ഷര വിദഗ്ധന്റെ പരിശോധന കൂടി നടത്തിയിട്ടുണ്ട്.
തനിക്കുവേണ്ടിയും കൗണ്‍സിൽ യോഗത്തിൽ ഹാജരാകാത്ത കൗണ്‍സിലർക്കുവേണ്ടി മിനിറ്റ്സിൽ ഒപ്പുവച്ചത് താനാണെന്ന് കൗണ്‍സിൽ യോഗത്തിൽ സിനി മനോജ് തുറന്നു സമ്മതിച്ചെങ്കിലും പിന്നീട് തിരുത്തി. സംഭവവുമായി ബന്ധപ്പെട്ട് നഗരസഭാ കൗണ്‍സിൽ ഉപസമിതി നിയോഗിച്ചിരുന്നു.
ഇവരുടെ കൂടി തീരുമാനപ്രകാരമാണ് സിനിക്കെതിരേ നിയമനടപടി സ്വീകരിക്കാൻ തീരുമാനിച്ചത്.കഴിഞ്ഞദിവസം ചേർന്ന ഷൊർണൂർ നഗരസഭാ കൗണ്‍സിൽ യോഗത്തിലാണ് വിവാദമായ സംഭവമുണ്ടായത്. യോഗം തുടങ്ങിയ ഉടനേ സിപിഎമ്മിലെ എൻ.ജയപാലനാണ് ഹാജർ പുസ്തകം പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടത്.
യോഗത്തിൽ ഇല്ലാത്ത കൗണ്‍സിലറുടെ ഒപ്പുപുസ്തകത്തിൽ കണ്ടെത്തുകയും ചെയ്തു. തുടർന്നാണ് ഷൊർണൂർ നഗരസഭാ ചെയർപേഴ്സണ്‍ പോലീസിൽ പരാതി നല്‍കിയത്. നഗരസഭാ അധ്യക്ഷ, സ്ഥിരംസമിതി അധ്യക്ഷന്മാർ, കൗണ്‍സിലർമാരായ വി.കെ.ശ്രീകണ്ഠൻ, വി.എം.ഉണ്ണികൃഷ്ണൻ എന്നിവരടങ്ങിയ ഉപസമിതിയാണ് അന്വേഷണം നടത്തിയത്.
അന്വേഷണ കമ്മിറ്റി നടത്തിയ പരിശോധനയിൽ നിയമനടപടി അനുവർത്തിക്കാൻ തീരുമാനിച്ചു.