മാരന്‍ഹാവോ (ബ്രസീൽ): തങ്ങളുടെ പ്രദേശത്തെ റോഡും പാലവുമൊക്കെ തകരാറിലായാൽ ജനപ്രതിനിധികൾ ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽപ്പെടുത്താൻ പല മാർഗങ്ങളും സ്വീകരിക്കാറുണ്ട്.
അത് വിജയം കാണാറുമുണ്ട്. ബ്രസീലിലെ മാരന്‍ഹാവോ സംസ്ഥാനത്തെ ഒരു കൗൺസിലർ തന്റെ പ്രദേശത്തെ ഒരു പാലത്തിന്റെ അപകടാവസ്ഥ അധികാരികളെ അറിയിക്കാൻ ശ്രമിച്ചത് പാലത്തിൽനിന്നുകൊണ്ട് ഒരു വീഡിയോ ഷൂട്ട് ചെയ്തുകൊണ്ടായിരുന്നു. എന്നാൽ, ഷൂട്ടിംഗിനിടെ പാലം മൊത്തമായി ഇടിഞ്ഞു നദിയിലേക്കു വീഴുന്ന കാഴ്ചയാണു ലോകം മുഴുവൻ കണ്ടത്.
മാരന്‍ഹാവോയിൽ എസ്ട്രീറ്റോയെയും അഗിയാര്നോപോളിസിനെയും ബന്ധിപ്പിക്കുന്ന പാലമാണ് ലൈവായി തകര്‍ന്നു വീണത്. സംഭവസമയം പാലത്തിലുണ്ടായിരുന്ന രണ്ടു ട്രക്കുകളും ഒരു കാറും ഒരു ബൈക്കും 50 മീറ്റര്‍ താഴ്ചയുള്ള നദിയിലേക്ക് മറിഞ്ഞു. അപകടത്തില്‍പ്പെട്ട ഒരു ടാങ്കറില്‍നിന്നു വലിയയളവില്‍ സൾഫ്യൂരിക് ആസിഡ് നദിയിലേക്ക് ഒഴുകിയതായും റിപ്പോര്‍ട്ടുണ്ട്.
അപകടത്തില്‍ ഒരാൾ മരിക്കുകയും ചെയ്തു. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. അഗിയാർനോപോളിസ് സിറ്റി കൗൺസിലർ ഏലിയാസ് ജൂണിയറും അദ്ദേഹത്തിന്റെ കാമറാമാനും കൂടിയാണ് വീഡിയോ ഷൂട്ട് ചെയ്തത്. 1960ലാണ് ഈ പാലം നിര്‍മിച്ചത്.