കൊച്ചി: മദ്യപിച്ചു വാഹനം ഓടിച്ചു പിടിയിലാല്‍ ഇനി പിഴ മാത്രമല്ല, പോലീസിന്റെ ബോധവത്കരണ ക്ലാസില്‍ പങ്കെടുക്കണം. ട്രാഫിക്ക് പോലീസ് നടത്തുന്ന ട്രാഫിക്ക് ബോധവത്ക്കരണ ക്ലാസിന് ഇന്ന് തുടക്കമായി.
കൊച്ചി നഗരത്തില്‍ മദ്യപിച്ചു വാഹനം ഓടിക്കുന്നവരുടെ എണ്ണം കൂടിയതോടെയാണ് പോലീസ് പിഴയ്ക്കൊപ്പം ബോധവത്കരണ ക്ലാസും തുടങ്ങിയത്. നഗരത്തില്‍ മദ്യപിച്ച് അലക്ഷ്യമായി വാഹനം ഓടിക്കുന്നത് സംബന്ധിച്ച് ദിവസേന 40 ഓളം കേസുകളാണ് ട്രാഫിക് ഉള്‍പ്പെടെയുള്ള പോലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്യുന്നത്. ഇതിനു തടയിടാനാണ് പോലീസിന്റെ ഉദേശ്യം.
മദ്യപിച്ച് വാഹനം ഓടിക്കുന്നവരുടെ ഡ്രൈവിംഗ് ലൈസന്‍സ് സസ്പെൻഡ് ചെയ്യുന്നതിന് മോട്ടോര്‍ വാഹന വകുപ്പിനോട് ശിപാര്‍ശ ചെയ്യുമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ ശ്യാം സുന്ദര്‍ പറഞ്ഞു. ട്രാഫിക്ക് പോലീസിനെ കൂടാതെ കളമശേരി, ഏലൂര്‍, ചേരാനല്ലൂര്‍, എളമക്കര, പാലാരിവട്ടം, ഇന്‍ഫോപാര്‍ക്ക്, തൃക്കാക്കര, മരട്, ഹില്‍പ്പാലസ്, അമ്പലമേട്, ഉദയംപേരൂര്‍, പനങ്ങാട് എന്നീ പോലീസ് സ്റ്റേഷന് പരിധിയില്‍ മദ്യപിച്ച് വാഹനം ഓടിച്ചതിന് കേസ് രജിസ്റ്റര്‍ ചെയ്യപ്പെടുന്നവര്‍ ഇടപ്പള്ളിയിലുള്ള ട്രാഫിക്ക് ഈസ്റ്റ് പോലീസ് അസിസ്റ്റന്റ് കമ്മീഷണറുടെ കാര്യാലയത്തിലും, മുളവുകാട്, സെന്‍ട്രല്‍, എറണാകുളം നോര്‍ത്ത്, കടവന്ത്ര, എറണാകുളം സൗത്ത്, ഹാര്‍ബര്‍, പള്ളുരുത്തി, കുമ്പളങ്ങി ഒ.പി. കണ്ണമാലി, തോപ്പുംപടി, ഫോര്‍ട്ടുകൊച്ചി, മട്ടാഞ്ചേരി എന്നീ പോലീസ് സ്റ്റേഷനുകളില്‍ കേസ് രജിസ്റ്റര്‍ ചെയ്യപ്പെടുന്നവര്‍ എറണാകുളം ഹൈക്കോര്‍ട്ട് ഭാഗത്തുള്ള ട്രാഫിക്ക് വെസ്റ്റ് പോലീസ് അസിസ്റ്റന്റ് കമ്മീഷണറുടെ കാര്യാലയത്തിലുമാണ് ബോധവത്കരണ ക്ലാസ് നടത്തുന്നത്. ദിവസവും രാവിലെ 11 ന് ക്ലാസുകള്‍ ആരംഭിക്കും.