മട്ടന്നൂർ: മട്ടന്നൂർ നഗരസഭയിലെ പാലോട്ടുപളളി വാർഡ് മാലിന്യ മുക്തമാക്കാനുള്ള പ്രവർത്തനവുമായി കൗൺസിലർ. മാതൃകാപരമായ പ്രവർത്തനത്തിലൂടെയാണ് കൗൺസിലർ വാർഡ് മാലിന്യ മുക്തമാക്കുന്നത്.
അന്തർ സംസ്ഥാന പാതയോട് ചേർന്നു കിടക്കുന്ന റോഡരികിലും മറ്റും വലിച്ചെറിയുന്നതും കൂട്ടിയിടുന്നതും ഒഴിവാക്കി ബോധവത്കരണം നൽകുകയാണ് കൗൺസിലർ എം.കെ.നജ്മ. കണ്ണൂർ വിമാനത്താവളം യാഥാർഥ്യമാകുന്നതിനാൽ ശുചിത്വമിഷന്റെ നേതൃത്വത്തിൽ മട്ടന്നൂർ നഗരസഭയിലെ പത്ത് വാർഡുകൾ മാലിന്യ മുക്തമാക്കാൻ തീരുമാനിച്ചിരുന്നു. ഇതിൽ ഉൾപ്പെട്ട വാർഡാണ് പാലോട്ടുപള്ളി.
റോഡരികിൽ മാലിന്യം കൂട്ടിയിടുന്നതും വലിച്ചെറിയുന്നതും കാരണം തെരുവ് നായ ശല്യം വർധിച്ചിരുന്നു. ഇതേ തുടർന്നു മാലിന്യം നിക്ഷേപിക്കാൻ പാടില്ലെന്നു കൗൺസിലർ ബോധവത്കരണം നൽകിയിരുന്നു. ഇതിനു ശേഷം വീണ്ടും മാലിന്യം നിക്ഷേപിച്ചവരെ കൗൺസിലറും കുടുംബശ്രീ പ്രവർത്തകരും ചേർന്നു പിടികൂടി പോലീസിലേൽപ്പിക്കുകയും ചെയ്തിരുന്നു.
പാലോട്ടുപള്ളി ടൗൺ, കോടതി പരിസരം എന്നിവിടങ്ങളിൽ റോഡരികിൽ കാടുകയറി കിടക്കുന്നതിനാൽ സ്കൂൾ വിദ്യാർഥികൾക്ക് ഉൾപ്പെടെ കടന്നു പോകാൻ കഴിയാത്ത അവസ്ഥയിലായിരുന്നു. ആരുടെയും സഹായമില്ലാതെ തന്റെ വരുമാനത്തിൽ നിന്നുള്ള പണമെടുത്ത് റോഡിന്റെ ഇരുവശങ്ങളും ജെസിബി ഉപയോഗിച്ചു ശുചീകരിക്കുകയായിരുന്നു.
നാട് ശുചീകരിക്കാൻ മുന്നിട്ടിറങ്ങിയ കൗൺസിലറർക്ക് ജനങ്ങളുടെ അഭിനന്ദനങ്ങൾ ലഭിക്കുകയും ചെയ്തു. ശുചീകരിച്ച ഇടങ്ങളിൽ വീണ്ടും മാലിന്യം നിക്ഷേപിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് കൗൺസിലർ പരിശോധനയ്ക്കിറങ്ങി മാലിന്യം തള്ളുന്നയാളെ പിടികൂടിയത്.