കേരളത്തിന്റെ മുക്കും മൂലയുമെല്ലാം ഇതര സംസ്ഥാന തൊഴിലാളികളെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ഏതു ജോലിയും ചെയ്യുന്ന മറുനാടന്‍ തൊഴിലാളികളെ തൊഴില്‍ ധാതാക്കള്‍ക്കും അതുകൊണ്ട് ഇഷ്ടമാണ്. മുമ്പ് നിര്‍മാണ തൊഴിലാളികളായാണ് മറുനാട്ടുകാര്‍ എത്തിക്കൊണ്ടിരുന്നെങ്കില് ഇപ്പോള്‍ ഏതു ജോലിയും ചെയ്യുന്ന നിലയിലേക്ക് ഇവരെത്തിയിരിക്കുകയാണ്.
എല്ലാം കടന്ന് ഇപ്പോള്‍ ക്ഷേത്രങ്ങളില്‍ പൂജ ചെയ്യുന്നതിലേക്ക് വരെ കാര്യങ്ങള്‍ എത്തിയിരിക്കുകയാണ്്.പാലക്കാട്ടെ ഗ്രാമക്ഷേത്രങ്ങളില്‍ ഉത്തരേന്ത്യന്‍ പൂജാരിമാരുടെ വരവ് കൂടുകയാണ്. പാലക്കാട് ആറു വര്‍ഷം മുമ്പ് ആറു പേരായിരുന്നു മറുനാടന്‍ പൂജാരിമാര്‍. ഇപ്പോള്‍ വിവിധ ക്ഷേത്രങ്ങളിലായി നാല്പതോളം പേര് ശാന്തിക്കാരാണ്. മറ്റ് ജില്ലകളിലേക്കും ഈ മാതൃക എത്താനാണ് സാധ്യത. ദേവസ്വം ബോര്‍ഡിന്റേതല്ലാത്ത ക്ഷേത്രങ്ങളില്‍ പൂജാരിമാരുടെ കുറവുണ്ട്. ഈ സാഹചര്യത്തിലാണ് പൂജാരിമാരുടെ വരവ്.
വാരാണസി, അലഹാബാദ് ജില്ലകളില്‍നിന്നായി അട്ടപ്പാടി മുതല്‍ ആലത്തൂര്‍ വരെയുള്ള വിവിധ ക്ഷേത്രങ്ങളില്‍ പൂജ ചെയ്യുന്നതായി ചിതലി നല്ലേക്കാവ് അയ്യപ്പക്ഷേത്രത്തിലെ പൂജാരി വാരാണസി സ്വദേശി കുല്‍ദീപ് മിശ്ര പറയുന്നു. അതിവേഗം പൂജാരിമാര്‍ മലയാളവും പഠിക്കുന്നു. കേരള വിധി പ്രകാരമുള്ള പൂജകളും പഠിച്ചെടുക്കുന്നു. അങ്ങനെ കേരളത്തിന്റെ ശാന്തിമാരായി അവര്‍ മാറുകയാണ്. കേരളത്തില്‍നിന്നുള്ള പൂജാരിമാരെ കിട്ടാന്‍ ബുദ്ധിമുട്ടനുഭവപ്പെട്ടതോടെയാണ് രണ്ടുവര്‍ഷംമുമ്പ് ഈ പരീക്ഷണത്തിന് പാലക്കാട്ടെ ചില ക്ഷേത്ര ഭാരവാഹികള്‍ തുടക്കമിട്ടത്. ഇതിനാണ് പുതുവേഗം വരുന്നത്.
‘ഞങ്ങളുടെ നാട്ടില്‍ ഭഗവാന്മാര്ക്ക് പായസം പതിവില്ല. വെള്ള നൈവേദ്യവുമില്ല. മധുരപലഹാരങ്ങളും ഭക്ഷണപദാര്‍ഥങ്ങളുമൊക്കെ പൂജയ്ക്കുണ്ടാവും. അവിടെ ഭഗവാനും ഭഗവതിക്കും അലങ്കാരവും ആരതിയുമാണ് പ്രധാനം. ഇവിടെ പൂജാരിമാര്‍ മേല്‍വസ്ത്രം ധരിക്കാന്‍ പാടില്ല. അവിടെ ആവാം. അവിടെ വീടുകളിലും പൂജ പതിവുണ്ട്’. കുല്‍ദീപ് പറയുന്നു.. മുരിങ്ങമല ദുര്‍ഗാദേവി ക്ഷേത്രത്തിലെ പൂജാരിയാണ് സൂരജമിശ്രയെന്ന കുല്‍ദീപിന്റെ കൂട്ടുകാരന്.
മഥുര വൃന്ദാവന്‍ ആശ്രമത്തില്‍ വേദപഠനം പൂര്‍ത്തിയാക്കിയവരാണ് പാലക്കാട്ടെത്തിയതെന്ന് കുല്‍ദീപ് പറഞ്ഞു. പക്ഷേ, കഴിഞ്ഞ രണ്ടുവര്‍ഷത്തിനുള്ളില്‍ കടുംപായസമൊക്കെ നന്നായി ഉണ്ടാക്കാന്‍ കുല്‍ദീപും സൂരജും പഠിച്ചെടുത്തു. മലയാളമെഴുതാനും വായിക്കാനും പഠിച്ചു. ഇപ്പോള്‍ ക്ഷേത്രത്തിലെത്തുന്നവരോട് നന്നായി മലയാളത്തില്‍ സംസാരിക്കും. പച്ച മലയാളം സംസാരിക്കുമെങ്കിലും കേരളത്തിലെ മുഖ്യഭക്ഷണമായ ചോറിനോട് കുല്‍ദീപിന് അത്ര പ്രിയം പോര. ചപ്പാത്തിയും സബ്ജിയും തന്നെയാണ് ഇവരുടെ താമസ സ്ഥലത്തെ അടുക്കളയില്‍ വേകുന്ന പ്രധാന ഭക്ഷണം.വെള്ളപ്പാറ മുത്താരം ഭഗവതിക്ഷേത്രം, കുത്തനൂര്‍ ശിവക്ഷേത്രം, അട്ടപ്പാടി ഗൂളിക്കടവ് ക്ഷേത്രം, കോങ്ങാട്, കാവശ്ശേരി തുടങ്ങിയ ഇടങ്ങളിലെല്ലാം തങ്ങളുടെ സുഹൃത്തുക്കള്‍ പൂജാരിമാരായിട്ടുണ്ടെന്ന് കുല്‍ദീപും സൂരജും പറയുന്നു. അടുത്ത പത്തു വര്‍ഷത്തിനുള്ളില്‍ ചിലപ്പോള്‍ കേരളത്തിലെ ഒട്ടുമിക്ക ക്ഷേത്രങ്ങളിലും ഉത്തരേന്ത്യന്‍ പൂജാരിമാര്‍ സ്ഥാനം പിടിച്ചാല്‍ അദ്ഭുതപ്പെടാനില്ല.