കാഞ്ഞങ്ങാട്: ടിക്കറ്റ് വിതരണത്തിനായി ഒരേയൊരു കൗണ്ടർ മാത്രം പ്രവർത്തിക്കുന്ന കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ ഭിന്നശേഷിക്കാർക്ക് പ്രത്യേക കൗണ്ടർ നിർമിക്കാൻ തുലച്ചത് ലക്ഷങ്ങൾ. പണിയെല്ലാം പൂർത്തിയായി വർഷങ്ങൾ കഴിഞ്ഞിട്ടും ഒരിക്കൽപ്പോലും തുറന്നുപ്രവർത്തിക്കാതിരുന്ന ഈ കൗണ്ടർ ഇപ്പോൾ തെരുവുനായകൾക്കു വിശ്രമകേന്ദ്രമായിമാറി.
സ്റ്റേഷനിൽ നേരത്തേയുണ്ടായിരുന്ന ടിക്കറ്റ് കൗണ്ടറിന്റെ പകുതിയിലേറെ ഭാഗം സ്റ്റീൽ പൈപ്പുകൾ കൊണ്ടു കൈവരി നിർമിച്ചു വളച്ചുകെട്ടിയെടുത്താണ് അഞ്ചുവർഷം മുന്പ് പുതിയ ഭിന്നശേഷി സൗഹൃദ കൗണ്ടർ പണിതത്. പുറത്തുനിന്ന് ഈ കൗണ്ടറിലേക്ക് നേരിട്ടു പ്രവേശിക്കുന്നതിനായി റാംപും നിർമിച്ചു. റാംപ് മുതൽ കൗണ്ടറിനകം വരെ സിമന്റ് ടൈലുകളും പാകി. ഭിന്നശേഷിക്കാരായവർക്ക് എളുപ്പത്തിൽ അകത്തു പ്രവേശിക്കുന്നതിനും കൈവരി പിടിച്ചുനിൽക്കുന്നതിനും സൗകര്യമുണ്ടാകുന്ന തരത്തിലായിരുന്നു നിർമാണം.
ആളുകൾ കാത്തുനിൽക്കുന്ന ഭാഗം ഇങ്ങനെ മനോഹരമായി പൂർത്തിയതോടെ തത്കാലം പണിനിർത്താനായിരുന്നു റെയിൽവേയുടെ തീരുമാനം. ഉദ്യോഗസ്ഥർ ഇരിക്കുന്ന ഭാഗത്ത് ചെറിയൊരു ജാലകം കൂടി വച്ചുപിടിപ്പിക്കുന്ന പണി മാത്രമേ യഥാർഥത്തിൽ ബാക്കിയുണ്ടായിരുന്നുള്ളൂ.
അഞ്ചുവർഷത്തോളം കഴിഞ്ഞിട്ടും ഈ ജാലകം വച്ചുപിടിപ്പിച്ചിട്ടില്ല. റെയിൽവേ സ്റ്റേഷനിലേക്ക് വന്നുകയറുന്നവർ ആദ്യമായി എത്തുന്നതു കൗണ്ടറിന്റെ ഗണ്യമായ ഒരു ഭാഗം കൈയടക്കിനിൽക്കുന്ന ഈ ഭാഗത്തേക്കാണ്. ഭിന്നശേഷിക്കാരും അല്ലാത്തവരും ഇതൊരു ടിക്കറ്റ് കൗണ്ടറാണെന്നുതന്നെ കരുതി കൈവരികൾക്കുള്ളിലുള്ള സ്ഥലത്തേക്ക് കയറിനിൽക്കുകയും അങ്ങേയറ്റത്തു ജാലകമില്ലാതെ സ്ഥിരമായി അടഞ്ഞുകിടക്കുന്ന ഗ്ലാസ് പാനൽ മാത്രമാണ് ഉള്ളതെന്നുകണ്ടു തിരിച്ചിറങ്ങുകയും ചെയ്യുന്നത് വർഷങ്ങളായി ഇവിടുത്തെ പതിവുകാഴ്ചയാണ്.
സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ തിരക്കേറിയ സമയത്തുപോലും കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ ഒരു അധിക കൗണ്ടർ തുറക്കാൻ ആവശ്യത്തിന് സ്റ്റാഫില്ലാത്ത അവസ്ഥയായിരുന്നു. ഇപ്പോൾ പ്രവർത്തിക്കുന്ന ഒരേയൊരു കൗണ്ടറിൽ മിക്കസമയത്തും നീണ്ട ക്യൂവാണ്. ഇവിടെ കന്പ്യൂട്ടർ തകരാറുമൂലം ടിക്കറ്റ് കിട്ടാതെ യാത്രക്കാർ പാടുപെട്ട സംഭവവും ഉണ്ടായിട്ടുണ്ട്.
ഇപ്പോൾ കൂടുതലായി വരുന്നത് ടിക്കറ്റ് വെൻഡിംഗ് മെഷീനും ഓൺലൈൻ ടിക്കറ്റിംഗുമൊക്കെയായതുകൊണ്ടു സമീപഭാവിയിലെങ്ങും ഇവിടെ ഇനിയൊരു കൗണ്ടർ കൂടി തുറക്കാനുള്ള സാഹചര്യം കാണുന്നുമില്ല. കൈവരികളായി പിടിപ്പിച്ച സ്റ്റീൽ പൈപ്പുകൾ കാലപ്പഴക്കം മൂലം ഇളകിത്തുടങ്ങി. അടുത്തിടെ മറ്റെന്തോ നവീകരണത്തിന്റെ ഭാഗമായി അവയെ ഇളക്കിമാറ്റാനുള്ള ശ്രമവും നടന്നിരുന്നു. ടൈലുകൾ പാകിയ തറ യാത്രക്കാരുടെ ശല്യമില്ലാതെ തെരുവുനായകൾക്കു വിശ്രമിക്കാനും ഉറങ്ങാനുമുള്ള കേന്ദ്രം മാത്രമായി.
ഇനിയൊരു നവീകരണം വരുന്പോൾ ഈ കൗണ്ടർ തന്നെ പൊളിച്ചുകളയാനുള്ള സാധ്യത മാത്രമാണ് ഇനി ബാക്കിയുള്ളത്. അതു കഴിയുന്നതുവരെ സർക്കാരിന്റെ പണം വെറുതെ പോകുന്ന വഴികളെക്കുറിച്ചുള്ള ഒരു ഓർമപ്പെടുത്തലായി ഈ കൗണ്ടർ ഇവിടെയുണ്ടാകും.