ചെറുതോണി: പണമിരട്ടിപ്പിച്ച് നല്കാമെന്നു വിശ്വസിപ്പിച്ച് ഏഴു ലക്ഷം രൂപ തട്ടിയെടുത്ത് തമിഴ് നാട്ടിലേക്കു കടന്ന സംഘത്തിലെ ഒരാൾ പിടിയിലായി. മണിയാറന്കുടി പാണ്ടിയേല് സോണിയുടെ പണമാണ് യന്ത്രസഹായത്താൽ ഇരട്ടിപ്പിച്ച് നൽകാമെന്ന് വിശ്വസിപ്പിച്ച് മൂന്നംഗ സംഘം തട്ടിയെടുത്തത്.
പണം തട്ടിയെടുത്ത ശേഷം രക്ഷപ്പെടാന് സഹായിച്ച സിറാജുദ്ദീനെ (33) യാണ് തമിഴ്നാട് ഈറോഡ് അന്തിയൂരിലുള്ള ഇയാളുടെ വീട്ടില്നിന്ന് അറസ്റ്റ് ചെയ്തത്.സംഘത്തില് മൂന്നു പേരാണുള്ളത്. പണം ഇരട്ടിപ്പുമായി ബന്ധപ്പെട്ട് സോണിയുമായി ഒരു മാസം മുമ്പുമുതല് മുഖ്യ പ്രതി മുരുകന് ബന്ധപ്പെടുന്നുണ്ടായിരുന്നു.
സോണിയുടെ തൊഴിലാളി ഗോപിയാണ് ഇവരെ സോണിക്കു പരിചയപ്പെടുത്തിയത്. രണ്ടുപേരാണ് സോണിയുടെ അടുത്തു പണം വാങ്ങാനെത്തിയത്. പണവുമായി വരുന്നവരെ കൂട്ടി സ്ഥലം വിടാൻ സിറാജുദ്ദീന് കാറുമായി മാറി നില്ക്കുകയായിരുന്നു.17ന് ഉച്ചകഴിഞ്ഞ് മൂന്നോടെ സോണിയുടെ വീട്ടില്വച്ച് പണം കൈമാറി.
വലിയ തട്ടിപ്പ് സംഘമാണെന്നും നിരവധി പേര് തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നും പോലീസ് സംശയിക്കുന്നു. സിറാജുദീന് കോതമംഗലം സ്വദേശിയാണ്. ഇപ്പോള് വിവാഹിതനായി തമിഴ്നാട്ടിലാണ് താമസിക്കുന്നത്. മറ്റു രണ്ടു പേരെയുംകൂടി കിട്ടിയാലെ കൂടുതല് വിവരങ്ങള് അറിയാന് കഴിയൂ എന്ന് പോലീസ് പറയുന്നു.