ഭാര്യയ്ക്ക് ജോലി പകല്, ഭര്ത്താവിന് രാത്രിയും പിന്നെ എങ്ങനെ വിവാഹ ജീവിതം മുമ്പോട്ടു കൊണ്ടുപോകും ? ഈ സമൂഹത്തിലെ പല ദമ്പതികളും നേരിടുന്ന ഒരു പ്രധാന പ്രശ്നമാണിത്.
ഇപ്പോള് വിവാഹമോചനത്തിനായി സുപ്രീംകോടതിയെ സമീപിച്ച ദമ്പതികളോട് കോടതി ഈ ചോദ്യം ചോദിച്ചിരിക്കുകയാണ്.
ഒരുമിച്ചു ജീവിക്കാന് ഒരു ശ്രമം കൂടി നടത്തിനോക്കിക്കൂടേയെന്നും ജസ്റ്റിസുമാരായ കെഎം ജോസഫും ബിവി നാഗരത്നയും ദമ്പതികളോട് ആരാഞ്ഞു.
ബംഗളൂരുവില്നിന്നുള്ള ദമ്പതികളാണ് വിവാഹ മോചന ഹര്ജിയുമായി സുപ്രീം കോടതിയില് എത്തിയത്. ഐടി മേഖലയില് ജോലി ചെയ്യുന്നവരാണ് ഇരുവരും.
ബംഗളൂരു അത്രയധികമൊന്നും വിവാഹമോചനങ്ങള് നടക്കുന്ന സ്ഥലമല്ലെന്ന് ജസ്റ്റിസ് നാഗരരത്ന അഭിപ്രായപ്പെട്ടു. ഒരുമിച്ചു ജീവിക്കാന് ഒരു ശ്രമം കൂടി നടത്തിക്കൂടേയെന്ന് കോടതി ആരാഞ്ഞു.
വേര്പിരിയുന്നതിന് ഇരുകക്ഷികളും തമ്മില് ധാരണയില് എത്തിയിട്ടുണ്ടെന്ന് അഭിഭാഷകര് അറിയിച്ചു. ഉടമ്പടി പ്രകാരം ഭര്ത്താവ് ഭാര്യയ്ക്ക് ഒറ്റത്തവണ ജീവനാംശമായി പന്ത്രണ്ടര ലക്ഷം രൂപ നല്കും.
ഇരു കക്ഷികളും ധാരണയില് ആയ സ്ഥിതിക്ക് വിവാഹ മോചനം അനുവദിക്കുകയാണെന്ന് ബെഞ്ച് പറഞ്ഞു. ഇരുപക്ഷവും പരസ്പരം നല്കിയ മറ്റു കേസുകള് റദ്ദാക്കുകകയാണെന്നും കോടതി അറിയിച്ചു.