കോട്ടയം: വീട്ടുജോലിക്കാരിയുടെ വീട്ടിൽ മോഷണം നടത്തി ദമ്പതികൾ. തങ്ങളുടെ സ്വന്തം വീട്ടിൽ ജോലിക്ക് നിന്ന സ്ത്രീയുടെ വീട്ടിലാണ് ദമ്പതികളും സുഹൃത്തും ചേർന്ന് മോഷണം നടത്തിയത്. ജോലിക്കാരിക്ക് ശമ്പളം നൽകാൻ പണമില്ലാത്തതിനാൽ വീട്ടിലെ ടിവി എടുത്തോ എന്ന് ദമ്പതികൾ പറഞ്ഞിരുന്നു. തുടർന്ന് ടിവി ഫിറ്റ് ചെയ്യാനെന്ന വ്യാജേന ജോലിക്കാരിയുടെ വീട്ടിലെത്തി ഇവർ മോഷണം നടത്തുകയായിരുന്നു.
സംഭവത്തിൽ എറണാകുളം മരട് സ്വദേശി ആഷിക് ആന്റണി, ഭാര്യ നേഹാ രവി, ആലപ്പുഴ അരൂർ സ്വദേശി അർജുൻ എന്നിവരെയാണ് കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. അയ്മനം സ്വദേശിനിയുടെ വീട്ടിൽ നിന്നും ഒക്ടോബർ 16-ാം തിയതിയാണ് ഇവർ സ്വർണമാല മോഷ്ടിച്ചത്.
ആഷിക് ആന്റണിയുടെ വീട്ടിലാണ് സ്ത്രീ വീട്ടുജോലി ചെയ്തിരുന്നത്. ഇവർക്ക് ശമ്പള കുടിശ്ശികയും ഉണ്ടായിരുന്നു. എന്നാൽ നൽകാൻ പണമില്ലാത്തതിനാൽ പകരം വീട്ടിലെ ടിവി അവർക്ക് നൽകുകയും കുടിശ്ശിക കുറച്ച് ബാക്കി 8000 രൂപ തന്നാൽ മതിയെന്ന് ആഷിക് പറയുകയും ചെയ്തു.
പിന്നാലെ അടുത്ത ദിവസം ടിവി ഫിറ്റ് ചെയ്യുന്നതിനായി വീട്ടുജോലിക്കാരിയുടെ വീട്ടിൽ ആഷിക്കും ഭാര്യയും സുഹൃത്തായ അർജുനും എത്തി. തുടർന്ന് മുറിയിൽ സൂക്ഷിച്ചിരുന്ന രണ്ടു പവൻ വരുന്ന സ്വർണ മാല മോഷ്ടിച്ച് കടന്നുകളയുകയും ചെയ്തു.
ഇതിനുശേഷം വീട്ടുജോലിക്കാരി പോലീസിൽ പരാതി നൽകി. ആഷിക് ആന്റണിയുടെ പേരിൽ കോട്ടയം വെസ്റ്റ്, കളമശ്ശേരി, മൂവാറ്റുപുഴ എന്നീ സ്റ്റേഷനുകളിലും ക്രിമിനൽ കേസുകളുണ്ട്. പ്രതികളെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.