ദുബായ്: വിദഗ്ധമായി മോഷണം നടത്തുന്നവരെ അതിവിദഗ്ധമായി പിടികൂടുന്നത് ഒരു മായാജാലം തന്നെയാണ്. ദുബായ് വിമാനത്താവളത്തില്‍ നടന്ന സംഭവം തെളിയിക്കുന്നത് ഇതാണ്. വിമാനത്താവളത്തില്‍ നിന്നും യാത്രക്കാരുടെ ബാഗേജുകള്‍ മാത്രം മോഷ്ടിക്കുന്ന കമിതാക്കള്‍ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ പിടിയിലായതോടെ ഞെട്ടിപ്പിക്കുന്ന മോഷണകഥയാണ് പുറത്തു വന്നിരിക്കുന്നത്. ദുബായ് ക്സറ്റംസ് ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ മോഷണത്തിന്റെ മായാജാലം എന്ന് പേരിട്ടിരിക്കുന്ന രഹസ്യ ഓപ്പറേഷനിലൂടെയാണ് ഇവര്‍ മോഷണ സംഘത്തെ പൊക്കിയത്. വളരെ ആസൂത്രിതമായായിരുന്നു പോലീസിന്റെ നടപടി.
പല ഘട്ടങ്ങളായി നടത്തിയ ഓപ്പറേഷന് വഴി പഴുതുകളടച്ച് അതി വിദഗ്ധമായാണ് ഇവര്‍ ഈ മോഷണ കലയുടെ ദമ്പതികളെ കുരുക്കിയത്. കഴിഞ്ഞ കുറേ നാളുകളായി ദുബായ് വിമാനത്താവളത്തില്‍ നിന്നും യാത്രക്കാരുടെ ലഗേജുകള്‍ ധരാളമായി മോഷണം പോകുന്നുവെന്ന് പരാതിയുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥര്‍ നടത്തിയ സ്റ്റിങ് ഓപ്പറേഷനിലാണ് ദമ്പതികള്‍ കുടുങ്ങിയത്. ഇരുവരെയും ദുബായ് പൊലീസിന് കൈമാറിയെന്നാണ് വിവരം. യാത്രക്കാരുടെ ബാഗേജുകള്‍ വിമാനത്താവളത്തിന്റെ ആഗമന ഹാളില്‍ നിന്നാണ് കാണാതാകുന്നതെന്ന് സംഭവങ്ങളെ കുറിച്ച് പഠിച്ച ഉദ്യോഗസ്ഥര്‍ക്ക് വ്യക്തമായി. ആരോ ഇവ മോഷ്ടിക്കുന്നതാണെന്നും മനസിലായി.
തുടര്‍ന്ന് കേസ് അന്വേഷിക്കുന്നതിനായി പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കുകയും ചെയ്തു. എത്തുന്ന എല്ലാ വിമാനങ്ങളിലെയും യാത്രക്കാരുടെ പട്ടിക പരിശോധിക്കുകയും ഇതില്‍ നിന്നും സംശയം തോന്നുന്നവരെ വീണ്ടും തരം തിരിക്കുകയും ചെയ്തതോടെ പട്ടികയില്‍ പത്തു പേര് ആയി ചുരുങ്ങി. തുടര്‍ന്നുള്ള പരിശോധനയിലും അന്വേഷണത്തിലും ഈ പട്ടികയിലുള്ള ഒരു അറബ് പൗരനാണ് മോഷണങ്ങള്‍ക്ക് പിന്നിലെന്ന് മനസിലായി. ഇയാളെ സഹായിക്കാന്‍ ഒരു സ്ത്രീയും ഉണ്ടെന്ന് വ്യക്തമായി.പ്രധാന പ്രതിയെ തിരിച്ചറിഞ്ഞതോടെ പിന്നീട് ഇയാളുടെ നീക്കങ്ങള്‍ പഠിക്കുന്നതിലായി പോലീസിന്റെ ശ്രദ്ധ. കൂടുതല്‍ വിവരങ്ങള്‍ സംഘടിപ്പിക്കുകയും എങ്ങോട്ടാണ് യാത്ര ചെയ്യുന്നതെന്നും തുടങ്ങിയ കാര്യങ്ങളും മനസിലാക്കി.
അതിന്‍പ്രകാരം ഡിസംബര്‍ 30ന് ഇയാള്‍ തിരികെ യുഎഇയില്‍ എത്തുമെന്ന് കസ്റ്റംസ് അധികൃതര്‍ മനസ്സിലാക്കി. തുടര്‍ന്ന് ഇയാള്‍ക്കായി വലവിരിച്ചു കാത്തിരുന്നു. അറബ് പൗരന് വിമാനത്താവളത്തില്‍ എത്തിയതു മുതല്‍ സിസിടിവിയിലൂടെയും നേരിട്ടും ഉദ്യോഗസ്ഥര്‍ ഇയാളെ പിന്തുടര്ന്നു. അറബ് പൗരന് നിരവധി ബാഗുകള്‍ എടുക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടു. കസ്റ്റംസ് ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിക്കുന്നതിനായി ഇയാള്‍ ബാഗിലെ തിരിച്ചറിയാനുള്ള സ്റ്റിക്കറുകള്‍ മാറ്റുന്നതും കണ്ടു. ഒരു ഉദ്യോഗസ്ഥന് ഇയാളെ തടഞ്ഞു നിര്‍ത്തി കാര്യങ്ങള്‍ ചോദിച്ചപ്പോള്‍ വളരെ മോശമായാണ് പ്രതികരിച്ചത്. ഉദ്യോഗസ്ഥനോട് തട്ടിക്കയറുകയും ചെയ്തു. എന്നാല്‍, അടുത്ത ഘട്ടത്തില്‍ പ്രതി ശരിക്കും കുടുങ്ങി.
എക്സ്റേ മെഷിനിലൂടെ ബാഗുകള്‍ കടത്തിവിടുമ്പോള്‍ ഇയാള്‍ സ്റ്റിക്കറുകള്‍ മാറ്റാന്‍ ശ്രമിച്ചു. ഇയാളുടെ കൈവശമുണ്ടായിരുന്ന മൂന്നു ബാഗുകളിലും സ്റ്റിക്കര്‍ ഉണ്ടായിരുന്നില്ല. ആഗമന ഹാളിലെ ഒരു കസേരയുടെ ചുവട്ടില്‍ ഈ മൂന്നു ബാഗുകളുടെയും സ്റ്റിക്കറുകള്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ കണ്ടെത്തി. ബാഗില്‍ എന്താണെന്നു ഉദ്യോഗസ്ഥര്‍ ചോദിച്ചപ്പോള്‍ വസ്ത്രങ്ങളും കുങ്കുമപ്പൂവും ആണെന്നു അറബ് സ്വദേശി മറുപടി നല്കി. എന്നാല്‍, ബാഗ് തുറന്നു പരിശോധിച്ചപ്പോള്‍ അതില്‍ ക്രിസ്മസ് സമ്മാനങ്ങളും മറ്റും ആയിരുന്നു. അതില്‍ കൊടുത്തിരിക്കുന്ന വ്യക്തിയുടെ പേരും പാസ്പോര്‍ട്ടിലെ പേരും തമ്മില്‍ ചേരുന്നില്ല. ഇക്കാര്യം ചൂണ്ടിക്കാണിച്ചപ്പോള്‍ ബാഗ് തന്റെ ഭാര്യയുടേതാണെന്നാണ് പറഞ്ഞു. പിന്നീട്, ഇതുമാറ്റി തന്റെ സുഹൃത്തിന്റേതാണെന്നും പറഞ്ഞു.
ഇതേസമയം, വിമാനത്താവളത്തിന്റെ മറ്റൊരു ഭാഗത്ത് പ്രതിയുടെ സഹായിയായ യുവതിയെയും പിടികൂടിയിരുന്നു. അവരെ പരിശോധിച്ചപ്പോള്‍ ഷൂസിനുള്ളില്‍ ഒരു സ്റ്റിക്കര്‍ കണ്ടെത്തി. എന്താണു കാര്യമെന്ന് ചോദിച്ചപ്പോള്‍ തനിക്കൊപ്പമുള്ള പുരുഷന് പറഞ്ഞിട്ടാണ് ഇങ്ങനെ ചെയ്തതെന്നും കസ്റ്റംസ് ടാക്സ് ഒഴിവാക്കാനാണിതെന്നും യുവതി പറഞ്ഞു. വിശദമായ ചോദ്യം ചെയ്യലില്‍ യുവതി പുരുഷനൊപ്പമുള്ളതാണെന്നും ബാഗുകള്‍ മോഷ്ടിക്കാന്‍ സഹായിക്കുമെന്നും സമ്മതിച്ചു. ഇതിന് പണവും നല്‍കുമെന്നും യുവതി പറഞ്ഞു. തുടര്‍ന്ന് കസ്റ്റംസ് അധികൃതര്‍ കേസ് ഫയല്‍ ചെയ്യുകയും ഇരുവരെയും ദുബായ് പൊലീസിന് കൈമാറുകയും ചെയ്തു.