കായംകുളം: കൃഷ്ണപുരത്ത് ദുരൂഹ സാഹചര്യത്തിൽ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. ഭർത്താവിനെ വീടിനുസമീപം തൂങ്ങിമരിച്ച നിലയിലും ഭാര്യയെ സമീപത്തെ കുളത്തിൽ മരിച്ച നിലയിലുമാണ് കണ്ടെത്തിയത്.
കൃഷ്ണപുരം തെക്ക് കൊച്ചുമുറി വാലയ്യത്ത് വീട്ടിൽ സുധൻ (55), ഭാര്യ സുഷമ (54) എന്നിവരെയാണ് ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ഇന്നലെ പുലർച്ചെ ആറുമണിയോടെയാണ് വീടിനു സമീപത്തെ പുളിമരത്തിൽ തൂങ്ങിമരിച്ച നിലയിൽ സുധനെ കണ്ടെത്തിയത്.
രാവിലെ മുതൽ ഭാര്യ സുഷമയെ കാണാനില്ലായിരുന്നു. സമീപത്തുള്ള വീടുകളിൽ വീട്ടുജോലികൾക്കായി സുഷമ പോകുമായിരുന്നു. ഇതേ തുടർന്ന് നടത്തിയ തെരച്ചിലിനൊടുവിൽ വൈകുന്നേരം അഞ്ചോടെയാണ് വീടിനു സമീപമുള്ള പായൽ നിറഞ്ഞ കുളത്തിൽ നിന്ന് സുഷമയുടെ മൃതദേഹം കണ്ടെത്തിയത്.
വീടിനു സമീപം കണ്ട ചോരപ്പാടുകളും മുറ്റത്തെ മണലിൽ വലിച്ചിഴച്ച പാടുകളും കണ്ടതിനെ തുടർന്ന് നടത്തിയ അന്വേഷണമാണ് സുഷമയുടെ മൃതശരീരം കണ്ടെത്താൻ സഹായിച്ചത്. സുധൻ ഭാര്യ സുഷമയെ കൊലപ്പെടുത്തി കുളത്തിൽ തള്ളിയ ശേഷം ആത്മഹത്യ ചെയ്തതാകാമെന്നാണ് പ്രാഥമിക നിഗമനം.
ഇന്നലെ പുലർച്ചെ അഞ്ചരയോടെ വീടിനു സമീപത്തെ ചായക്കടയിൽ സുധൻ ചായ കുടിക്കാൻ എത്തിയിരുന്നതായി ദൃക്സാക്ഷികൾ പോലീസിനോടു പറഞ്ഞു. 25 ന് രാത്രി 11 മണിയോടെ ജോലികഴിഞ്ഞ് മകൻ സുജിത്ത് വീട്ടിലെത്തിയപ്പോൾ ഇരുവരെയും കാണാനില്ലായിരുന്നു. മദ്യപാനിയായിരുന്ന സുധൻ ഇടയ്ക്കിടെ വീട്ടിൽ പ്രശ്നങ്ങൾ ഉണ്ടാക്കുക പതിവായിരുന്നുവെന്ന് സമീപവാസികൾ പറയുന്നു.
സുധന്റെ മൃതദേഹം കായംകുളം ഗവൺമെന്റ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കായംകുളം പോലീസ് എത്തി സുഷമയുടെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. ഇരുവരുടെയും പോസ്റ്റ്മോർട്ടം ഇന്ന് നടക്കും. സംഭവസ്ഥലത്ത് ഫോറൻസിക് വിദഗ്ധർ എത്തി തെളിവുകൾ ശേഖരിച്ചു. മകൾ സുജ, മരുമകൻ രതീഷ്.