തിരുവനന്തപുരം: അരുണാചലില്‍ മലയാളികളായ ദന്പതികളും യുവതിയും മരിച്ച നിലയിൽ കാണപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന റിപ്പോർട്ടുകളിൽ മരിച്ചവർ വിചിത്ര വിശ്വാസങ്ങൾ പുലർത്തിയിരുന്നതായും വിവരം. മരിച്ച ആര്യയുടെ ലാപ്ടോപ്പിലാണ് ഇതേപ്പറ്റിയുള്ള വിവരങ്ങളുള്ളത്. ആന്‍ഡ്രോമീഡ ഗാലക്സിയില്നിന്നുളള ‘മിതി’ എന്ന സാങ്കല്‍പ്പിക കഥാപാത്രവുമായുള്ള സംഭാഷണങ്ങൾ ഉൾപ്പെടെയുള്ള 466 പേജുകളുടെ പകര്‍പ്പാണ് പുറത്തുവന്നത്.
ഭൂമിയിലുണ്ടായിരുന്ന ദിനോസറുകളെ മറ്റ് ഗ്രഹങ്ങളിലേക്ക് മാറ്റിയതാണെന്നും ഭൂമിയിലെ 90 ശതമാനം മനുഷ്യരെയും മൃഗങ്ങളെയും രണ്ട് ഗ്രഹങ്ങളിലേക്ക് കൊണ്ടുപോകുമെന്നും ഇവർ വിശ്വസിച്ചിരുന്നു. സ്പേസ് ഷിപ്പുകളുടെ ഇന്ധനം ഉല്ക്കകളില്നിന്നുള്ള ആന്റി കാര്‍ബണാണെന്നും അന്റാര്‍ട്ടിക്കയില്‍ ഗവേഷണകേന്ദ്രവും സ്പേസ് ഷിപ്പുകളും ഉണ്ടെന്നും ഇവർ വിശ്വസിച്ചിരുന്നു.
കോട്ടയം മീടനം സ്വദേശികളും ദമ്പതികളുമായ നവീന്‍ (39), ദേവി (39), വട്ടിയൂര്‍ക്കാവ് മേലത്തുമേലെ സ്വദേശിനി ആര്യ നായര്‍ (27) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവർ എങ്ങനെയാണ് ഇത്തരം വിശ്വാസങ്ങളിലേക്ക് എത്തിയതെന്നു പോലീസ് പരിശോധിക്കുന്നുണ്ട്. 2021 മുതലുള്ള ഇവരുടെ ഇമെയില്‍ രേഖകളാണ് പരിശോധിക്കുന്നത്.
ഇവരുടെ മുറിയില്‍നിന്ന് കണ്ടെടുത്ത ലാപ്ടോപ്പുകളും മൊബൈല്‍ ഫോണുകളും പരിശോധനയ്ക്ക് അയയ്ക്കും. മരണത്തിനുശേഷമുള്ള ജീവിതത്തെക്കുറിച്ചായിരുന്നു നവീനും ദേവിയും ആര്യയും ചര്‍ച്ച ചെയ്തിരുന്നത്. മറ്റൊരു ഗ്രഹത്തില്‍ എത്തിയാല്‍ ഭൂമിയിലേതിനേക്കാള്‍ മികച്ച ജീവിതം സാധ്യമാകുമെന്നും മനുഷ്യരേക്കാള്‍ പതിന്മടങ്ങ് ബുദ്ധിശക്തിയുണ്ടാകുമെന്നുമാണ് ഇവര്‍ വിശ്വസിച്ചിരുന്നതെന്ന് പോലീസ് പറയുന്നു. ഡോണ്‍ ബോസ്കോ എന്ന പേരിലുള്ള വ്യാജ ഇമെയില്‍ ഐഡിയില്‍നിന്ന് ഇവര്‍ക്ക് സന്ദേശങ്ങള്‍ ലഭിച്ചിട്ടുണ്ട്.
മരണത്തിന് അരുണാചല്‍ പ്രദേശിലെ സിറോ വാലി എന്ന സ്ഥലം തെരഞ്ഞെടുത്തതും പോലീസ് പരിശോധിക്കുന്നുണ്ട്.