തളിപ്പറമ്പ്: ഇന്നലെ ആത്മഹത്യ ചെയ്ത ദമ്പതികളുടെ സംസ്കാരം ഇന്ന് നടക്കും. ഇന്നലെ കുറ്റിക്കോല്‍ വേട്ടക്കൊരുമകന്‍ ക്ഷേത്രത്തിന് സമീപത്തെ വാടകവീട്ടില്‍ തൂങ്ങിമരിച്ച കുറ്റിക്കോലിലെ പ്രേമരാജന്റെ മകന് തേരുകുന്നത്ത് വീട്ടില്‍ സുധീഷ് (30), ഭാര്യ തമിഴ്നാട് വിരുദുനഗര്‍ ജില്ല ശ്രീവില്ലിപൂത്തൂരിലെ ഇസൈക്കിറാണി എന്ന രേഷ്മ (25) എന്നിവരുടെ മൃതദേഹങ്ങള്‍ ഇന്ന് ഉച്ചകഴിഞ്ഞ് കൂവോട് കിഴക്ക് പൊതുശ്മശാനത്തിലാണ് സംസ്കരിക്കുക. ഇസൈക്കിറാണിയുടെ ബന്ധുക്കള്‍ ഇന്ന് രാവിലെ തളിപ്പറമ്പിലെത്തിയിട്ടുണ്ട്.
ഭാര്യയെ തൂങ്ങിയ നിലയില്‍ കണ്ട ഉടനെ സുധീഷ് കുരുക്കിട്ട സാരി മുറിച്ചിട്ടെങ്കിലും മരിച്ചതായി കണ്ട് അതേ സാരിയുടെ ബാക്കി ഭാഗം കൊണ്ട് സമീപത്തുതന്നെ തൂങ്ങുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു. ഇരുവരുടെയും വിവാഹം കഴിഞ്ഞിട്ട് പത്തുമാസമേ ആയിട്ടുള്ളൂ. കുടുംബാംഗങ്ങള്‍ പരസ്പരം ആലോചിച്ചാണ് വിവാഹം നടത്തിയത്. സ്ഥിരം വഴക്കുകൂടാറുണ്ടായിരുന്ന ഇവര്‍ മരിക്കുന്ന ദിവസവും വഴക്കുണ്ടാക്കിയിരുന്നതായി അയല്‍ക്കാര്‍ പോലീസിനോട് പറഞ്ഞു.
സുധീഷ് രാത്രിയില്‍ സുഹൃത്തിനെ ഫോണില്‍ വിളിച്ച് അത്മഹത്യചെയ്യുമെന്ന് പറഞ്ഞിരുന്നുവത്രേ, തമാശക്ക് പറഞ്ഞതാവും എന്ന് കരുതി കാര്യമാക്കിയില്ല. രാവിലെ ഫോണ്‍ ചെയ്തപ്പോള്‍ എടുക്കാതിരുന്നതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയപ്പോഴാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടത്. പരേതരായ മുനിയച്ചാമി-നാച്ചിയാര്‍ ദമ്പതികളുടെ മകളാണ് മരിച്ച ഇസൈക്കിറാണി. സഹോദരന് മുനീശ്വരന്‍ ധര്‍മ്മശാല അരുണോദയം പ്ലാസ്റ്റിക്ക് കമ്പനിയിലെ ജീവനക്കാരനാണ്. പരേതയായ ലക്ഷ്മിയാണ് സുധീഷിന്റെ അമ്മ. സഹോദരന് വിജേഷ്.