ബംഗളൂരു: സ്വകാര്യ ദൃശ്യങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി കാമുകിയെ സുഹൃത്തുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടാൻ നിർബന്ധിച്ച യുവാവ് പിടിയിൽ. സുഹൃത്തിനെയും അറസ്റ്റ് ചെയ്തു. സ്വകാര്യ കമ്പനിയിലെ ജീവനക്കാരായ ഹരീഷ്, ഹേമന്ദ് എന്നിവരെ ബംഗളൂരു സെൻട്രൽ ക്രൈംബ്രാഞ്ചാണ് അറസ്റ്റ് ചെയ്തത്.
32 വയസുകാരിയായ യുവതി പരാതിയുമായി ക്രൈംബ്രാഞ്ചിനു മുന്നിലെത്തിയപ്പോഴാണ് ഞെട്ടിപ്പിക്കുന്ന സംഭവത്തിന്റെ ചുരുളഴിയുന്നത്. ഹരീഷും യുവതിയും തമ്മിൽ അടുപ്പത്തിലായിരുന്നു. ഇരുവരും ഒരുമിച്ച് നിരവധി പാർട്ടികളിൽ പങ്കെടുത്തിട്ടുണ്ട്. ഈ സമയങ്ങളിൽ ഹരീഷ് താൻ അറിയാതെ സ്വകാര്യ നിമിഷങ്ങൾ വീഡിയോയിൽ പകർത്തിയെന്നാണ് യുവതി പറയുന്നത്.
പിന്നീട് ഈ ദൃശ്യങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി സുഹൃത്തായ ഹേമന്ദുമായി ശാരീരിക ബന്ധത്തിലേർപ്പെടാൻ ഹരീഷ് നിർബന്ധിച്ചെന്നും പരാതിയിൽ പറയുന്നു. ഇതിനു പകരമായി ഹേമന്ദിന്റെ കാമുകിയെ ഹരീഷിന്റെ മുന്നിലും എത്തിക്കുമെന്നായിരുന്നു പറഞ്ഞിരുന്നത്. ഹേമന്ദിന്റെ കാമുകിയെ നേരത്തെ ഇരുവരും ചേർന്ന് ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ടെന്നു പോലീസ് പറയുന്നു. ഇരുവരുടെയും മൊബൈൽ ഫോണുകളിൽനിന്നു വേറെയും സ്ത്രീകളുടെ സ്വകാര്യ വീഡിയോകൾ കണ്ടെത്തി. പ്രതികളെ റിമാൻഡ് ചെയ്തു. അന്വേഷണം തുടരുന്നു.