ആത്മാര്‍ത്ഥ പ്രണയത്തിന് അന്ത്യമില്ല. ബാഹ്യശക്തികളുടെ സമ്മര്‍ദ്ദത്താല്‍ പിരിയേണ്ടി വന്നാലും മനസില്‍ കൂടുതല്‍ തെളിമയോടെ ആ കനല് അണയാതെ തുടരുക തന്നെ ചെയ്യും. അതിന് ഉദാഹരണമാവുന്ന രണ്ടുപേരുടെ ജീവിതങ്ങളാണ് ഇപ്പോള്‍ ലോകം അറിഞ്ഞ്, വിധിയുടെ ക്രൂരതയിലും സ്നേഹത്തിന്റെ ശക്തിയിലും അത്ഭുതം തൂകി ഇരിക്കുന്നത്.
വിവാഹശേഷം അധികം വൈകാതെ വേര്‍പിരിയേണ്ടി വരികയായിരുന്നു, ശാരദയ്ക്കും നാരായണന് നമ്പ്യാര്‍ക്കും. 72 വര്‍ഷങ്ങള്‍ക്കു ശേഷം ഇരുവരും വീണ്ടും കണ്ടുമുട്ടിയപ്പോഴുണ്ടായ കൗതുകവും കണ്ണുനീരും നിറഞ്ഞ നിമിഷങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചതോ മക്കളും കൊച്ചുമക്കളും പേരക്കുട്ടികളും അടങ്ങുന്ന ഇരുവരുടെയും കുടുംബാംഗങ്ങളും.
72 വര്‍ഷങ്ങള്‍ക്ക് മുമ്പ് താന്‍ താലിചാര്‍ത്തിയ പ്രിയതമയെ കാണാന്‍ നാരായണന് നമ്പ്യാര്‍ ശാരദയുടെ വീട്ടുപടിക്കല്‍ എത്തി. തലതാഴ്ത്തി ഒരു മണവാട്ടിയെ പോലെ ശാരദ എന്ന എണ്‍പത്താറുകാരി ഇറങ്ങി വന്നു.
അടുത്തെത്തിയ തന്റെ പ്രണയിനിയോട് നാരായണന് ഒരു ചോദ്യം… ’72 കൊല്ലമായി അല്ലേ?’ അങ്ങനെ 72 കൊല്ലം നീണ്ട മൗനത്തിനും അറുതിയായി. എങ്കിലും പരസ്പരം നോക്കാന്‍ ഇരിവരുടെയും കണ്ണുകള്‍ നാണിച്ചു.
1946 ലാണ് നാരായണന് നമ്പ്യാരും ശാരദയും വിവാഹിതരാവുന്നത്. 46ലുണ്ടായ കാവുമ്പായി കലാപമാണ് ഇവരെ എന്നന്നേക്കുമായി പിരിച്ചത്. അതേ വര്‍ഷം ഡിസംബറില്‍ കാവുമ്പായി കര്‍ഷക ലഹള നടക്കുകയും നാരായണന് ജയിലിലാവുകയുമായിരുന്നു. നാരായണനെ ജീവപര്യന്തം തടവിന് വിധിച്ചതോടെ വീട്ടുകാര്‍ ശാരദയെ മറ്റൊരു വിവാഹം കഴിച്ചയച്ചു. ഇതിന് ശേഷം കാണാന്‍ കഴിയാതിരുന്ന ഇവര്‍ 72 വര്‍ഷങ്ങള്‍ക്ക് ശേഷം കോടല്ലൂരിലെ വീട്ടിലാണ് കണ്ടുമുട്ടിയത്. ശാരദയുടെ മകനും ജൈവകര്‍ഷകനുമായ കെകെ ഭാര്‍ഗവന്റെ വീട്ടില്‍. തന്റെ അമ്മയുടെ ആദ്യ ഭര്‍ത്താവ് ജീവിച്ചിരിക്കുന്നതായി മനസ്സിലാക്കിയ ഭാര്‍ഗവനാണ് ഈ അസുലഭ നിമിഷത്തിന് അവസരം ഒരുക്കിയത്.
‘എനിക്കന്ന് 14 വയസ്സേയുള്ളൂ. ഇവരുടെ (നാരായണന് നമ്പ്യാരുടെ) അമ്മയുടെ മോളായാണ് ഞാനാ വീട്ടില്‍ വളര്‍ന്നത്. കാവുമ്പായി കുന്നിനുമേല്‍ തുരുതുരാ വെടിപൊട്ടിയത് രാത്രിയാണ്. ഇവരെ പിന്നെ കണ്ടില്ല. എന്റെ നേരെ പോലീസ് വന്നെങ്കിലും അമ്മ വാരിപ്പിടിച്ചുനിന്നു. അവര്‍ എന്നെ ഒന്നും ചെയ്തില്ല… പിന്നെ വീട് കത്തിച്ചു. എന്നെ ഇവരുടെ അമ്മ എന്റെ വീട്ടിലാക്കി… അവിടെയും ആദ്യമെല്ലാം പോലീസ് വന്നിരുന്നു’ ശാരദ പഴയകാര്യങ്ങള്‍ പറഞ്ഞു.
സേലം ജയില്‍ വെടിവെപ്പില്‍ ശാരദയുടെ അച്ഛന് മരിച്ചുവീഴുമ്പോള്‍ തൊട്ടടുത്ത് വെടിയേറ്റ് പിടയുകയായിരുന്നു ഭര്‍ത്താവ് നാരായണന്. ഇപ്പോഴും ശരീരത്തില്‍ വെടിച്ചില്ലോടെയാണ് അദ്ദേഹം ജീവിക്കുന്നത്. 1954-ല്‍ ജയില്‍മോചിതനായി. വിവാഹം കഴിച്ച അദ്ദേഹത്തിന് ഏഴുമക്കളുണ്ട്. വിഭവസമൃദ്ധമായ സദ്യയാണ് ശാരദയുടെ വീട്ടുകാര്‍ നാരായണനുവേണ്ടി ഒരുക്കി വച്ചത്.
കഞ്ഞി കുടിച്ചശേഷം ഇറങ്ങുമ്പോള്‍ ശാരദയോട് നാരായണന്റെ ചോദ്യം. ‘നീ വരുന്നോ കാവുമ്പായിലേക്ക്… മച്ചുനിച്ചിയല്ലേ, അങ്ങനെ വരാലോ…’
‘എനിയെന്തിനാപ്പാ വരുന്നേ, നമ്മള് തമ്മില്‍ ഒരു വിരോധോമില്ല, വേണ്ടാന്ന് വെച്ചതല്ലല്ലോ’ ശാരദയുടെ മറുപടി ഇതായിരുന്നു.
‘സാഹചര്യമാണ് ഇങ്ങനെയൊക്കെയാക്കിയത്. ആരും ഉത്തരവാദിയല്ല’. കണ്ണുനീരുകൊണ്ട് മറുപടി പറഞ്ഞ് ശാരദ അകത്തേയ്ക്ക് മടങ്ങുകയും ചെയ്തു.