ചെന്നൈ: നവവധുവിനെ കള്ളക്കേസിൽ കുടുക്കാൻ ശീതളപാനീയത്തിൽ സ്വയം വിഷം കലർത്തി കുടിച്ച ഭർത്താവ് ആശുപത്രിയിൽ. കടലൂർ സ്വദേശിയായ കലയരശനാണ് നവവധുവായ ശാലിനിയെ കുടുക്കാനായി സ്വയം വിഷം കഴിച്ചശേഷം കുറ്റം ഭാര്യയുടെ മേൽ കെട്ടിവയ്ക്കാൻ ശ്രമിച്ചത്.
മറ്റൊരാളുമായി പ്രണയത്തിലായിരുന്നെന്നും ഈ വിവാഹത്തിൽ താൽപര്യമില്ലെന്നും ആദ്യരാത്രിയിൽതന്നെ ശാലിനി പറഞ്ഞിരുന്നു. പ്രകോപിതനായ കലയരശൻ യുവതിയെ തിരികെ വീട്ടിലേക്ക് അയച്ചു. എന്നാൽ, കുറച്ചു ദിവസത്തിനുള്ളിൽ വീട്ടുകാർ യുവതിയെ തിരികെ ഭർതൃവീട്ടിലെത്തിച്ചു. ഇതോടെ, ഭാര്യയെ ഒഴിവാക്കാനായി കലയരശൻ, ശീതളപാനീയത്തിൽ വിഷം കലർത്തി കഴിക്കുകയായിരുന്നു. ഭാര്യയാണു വിഷം നൽകിയതെന്നു മൊഴിയും നൽകി.
എന്നാൽ, സിസിടിവി ദൃശ്യങ്ങളടക്കം ശേഖരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിൽ കലയരശൻ തന്നെയാണു വിഷം വാങ്ങിയതെന്നു കണ്ടെത്തി. ആശുപത്രിയിൽനിന്നു ഡിസ്ചാർജാകുന്പോൾ ഇയാൾക്കെിരേ നിയമനടപടി സ്വീകരിക്കുമെന്നു പോലീസ് പറഞ്ഞു.