മലപ്പുറം: പതിനൊന്നുമാസം പ്രായമുള്ള ആണ്‍കുഞ്ഞിനെ കൊലപ്പെടുത്തി ഓടയില്‍ തള്ളിയ കേസില്‍ നാലുപേർ അറസ്റ്റിൽ. കുഞ്ഞിന്റെ അമ്മ തമിഴ്നാട് നെയ് വേലി സ്വദേശി ശ്രീപ്രിയ(22) കാമുകന് നെയ് വേലി സ്വദേശി ജയസൂര്യ(22) ഇയാളുടെ മാതാപിതാക്കളായ കുമാര്‍(46) ഉഷ(41) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കാമുകനും ഇയാളുടെ പിതാവും ചേര്‍ന്നാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നും നാലാംപ്രതി ഉഷ ഇതിന് കൂട്ടുനിന്നെന്നും കുഞ്ഞിന്റെ മൃതദേഹം ശ്രീപ്രിയയാണ് ബാഗിലാക്കി ഉപേക്ഷിച്ചതെന്നും പോലീസ് വ്യക്തമാക്കി.
ശ്രീപ്രിയയും പതിനൊന്ന് മാസം പ്രായമുള്ള ആണ് കുഞ്ഞും മൂന്ന് മാസം മുൻപാണ് തിരൂരിലെത്തുന്നത്. ആദ്യ ഭർത്താവ് മണിപാലനെ ഉപേക്ഷിച്ച യുവതി കാമുകൻ ജയസൂര്യനൊപ്പം വരികയായിരുന്നു. ഇവർ തിരൂരിൽ പലയിടങ്ങളിലായി വാടകയ്ക്ക് താമസിച്ചിരുന്നു. കുഞ്ഞിനെ ഒഴിവാക്കുന്നതിനായി കൊന്നതിന് ശേഷം മൃതദേഹം ബാഗിലാക്കി തൃശൂർ റെയിൽ വേ സ്റ്റേഷന് സമീപത്തെ ഓടയിൽ ഇവർ ഉപേക്ഷിച്ചു.
പദ്ധതി പ്രകാരം എല്ലാം കൃത്യമായി ചെയ്തു മടങ്ങുന്ന വഴിയാണ് ശ്രീപ്രിയയെ അവരുടെ സഹോദരിയുടെ ഭർത്താവ് ഹോട്ടലിൽ വച്ച് കാണുന്നത്. നാടുവിട്ട ശ്രീപ്രിയയെ കണ്ടെത്തിയതോടെ സഹോദരിയും ഭർത്താവും കാര്യങ്ങൾ തിരക്കുകയും കുഞ്ഞ് എവിടെയാണെന്ന് അന്വേഷിക്കുകയും ചെയ്തു. എന്നാൽ ശ്രിപ്രിയ പരസ്പര വിരുദ്ധമായ മറുപടികൾ നൽകിയതോടെ സംഭവം വാക്കേറ്റത്തിലേക്കും വഴക്കിലേക്കുമെത്തി. വഴക്ക് കണ്ട് നാട്ടുകാർ വിവരം പോലീസിൽ അറിയിച്ചു. തുടർന്ന് പോലീസിന്റെ ചോദ്യം ചെയ്യലിൽ സംഭവത്തിന്റെ ചുരുളഴിഞ്ഞു.
കുഞ്ഞിനെ കൊലപ്പെടുത്തി ഉപേക്ഷിച്ചെന്ന് ആദ്യം പറഞ്ഞെങ്കിലും പിന്നീട് സത്യം പുറത്തായി. മറ്റൊരു മുറിയിൽ തന്നെ അടച്ചിട്ടതിന് ശേഷം കാമുകന്റെ അച്ഛനും ചേട്ടനും ചേർന്ന് കുഞ്ഞിനെ കൊലപ്പെടുത്തിയെന്നാണ് പോലീസിന് ശ്രീപ്രിയ നൽകിയ മൊഴി.തുടർന്ന് മലപ്പുറം സിഐയുടെ നേതൃത്വത്തിൽ പോലീസ് സംഘം ശ്രീപ്രിയയുമായി തൃശൂരിലെത്തി. റെയില്‍വേ സ്റ്റേഷന്റെ രണ്ടാം ഗേറ്റിന് സമീപം ശ്രീപ്രിയ ചൂണ്ടിക്കാട്ടിയ ഓടയില്‍ ബാഗിനുള്ളില്‍ കുഞ്ഞിന്റെ മൃതദേഹ അവശിഷ്ടം കണ്ടെത്തി.