പറവൂര്‍: ആളില്ലാത്ത തക്കം നോക്കി അയല്‍വീട്ടില്‍ കയറുകയും അലമാരിയില്‍ സൂക്ഷിച്ചിരുന്ന 20 പവന്റെ സ്വര്‍ണാഭരണങ്ങള്‍ അടിച്ചുമാറ്റുകയും ചെയ്ത ദമ്പതികള്‍ പിടിയില്‍. മന്നം പാറപ്പുറം ആലുംപറമ്പ് ഇക്ബാല്‍ (33), ഭാര്യ ഡൗസില (26) എന്നിവരെയാണ് പറവൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.
മന്നം പാറപ്പുറം രായംവീട്ടില്‍ അന്‍സിലിന്റെ ഭാര്യയുടെ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കേസിലാണ് ഇവര്‍ അറസ്റ്റിലായത്. 26ന് ഉച്ചയ്ക്ക് ഒന്നിനും അഞ്ചിനും ഇടയ്ക്കാണ് മോഷണം നടന്നത്. ഇക്ബാലിന്റെ നിര്‍ദേശപ്രകാരം ഡൗസില വീട്ടില്‍ കയറി സ്വര്‍ണം എടുക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
അന്‍സിലിന്റെ ജ്യേഷ്ഠന്‍ അന്‍സാര്‍ നല്‍കിയ പരാതിയില്‍ അന്നുതന്നെ പോലീസ് സ്ഥലത്തെത്തി അന്വേഷിച്ചിരുന്നു. വസ്ത്രങ്ങള്‍ വയ്ക്കുന്ന അലമാരിയിലാണ് സ്വര്‍ണാഭരണങ്ങള്‍ വച്ചിരുന്നത്. എട്ട് വളകള്‍, ഒരു അരഞ്ഞാണം, മൂന്ന് ജോഡി കമ്മല്‍, രണ്ട് കൈച്ചെയിന്‍ എന്നിവയാണ് നഷ്ടപ്പെട്ടത്.
എന്നാല്‍, വിലപിടിപ്പുള്ള മഹര്‍ (വിവാഹ സമ്മാനം) കവര്‍ന്നിരുന്നില്ല. ഇത് പോലീസ് അന്വേഷണത്തില്‍ വഴിത്തിരിവായി. പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തില്‍ വീടുമായി അടുപ്പമുള്ള ആളാണ് മോഷണം നടത്തിയതെന്ന നിഗമനത്തിലെത്തി.
ചോദ്യം ചെയ്യലിനിടയിലാണ് ഭാര്യ തന്ന ഒന്നേകാല്‍ പവന്‍ സ്വര്‍ണം പണയംവച്ചതായി ഇക്ബാല്‍ പോലീസില്‍ സമ്മതിച്ചത്. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ ഇക്ബാലിന്റെ പ്രേരണയാല്‍ ഭാര്യ ഡൗസിലയാണ് ആളില്ലാത്ത നേരംനോക്കി വീട് തുറന്ന് സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ചതെന്ന് പോലീസ് കണ്ടെത്തി.
ആദ്യം പണയംവയ്ക്കുകയും പിന്നീട് വിലകുറച്ച് പണയംവച്ച സ്വര്‍ണം അവിടെ തന്നെ വില്‍ക്കുകയും ചെയ്തു. ബാക്കിയുള്ള സ്വര്‍ണം ഡൗസില അവരുടെ വീടിന്റെ ചായ്പില്‍ ഒളിപ്പിച്ചുവച്ചത് പോലീസ് കണ്ടെടുത്തു. പണയംവച്ച സ്ഥാപനവും മറ്റും കണ്ടെത്താന്‍ പോലീസ് അന്വേഷണം നടത്തിവരുന്നു.
ഇരുനില വലിയവീട്ടിലാണ് കേസില്‍ അറസ്റ്റിലായ ദമ്പതിമാരുടെ താമസം. ഇവര്‍ക്ക് മൂന്ന് മക്കളുണ്ട്. കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാന്‍ഡ് ചെയ്തു. ഒന്നര പവന്റെ മാല പൊട്ടിച്ചതിന് ഇക്ബാലിനെതിരേ മുഹമ്മ സ്റ്റേഷനില്‍ കേസുണ്ടെന്ന് പോലീസ് പറഞ്ഞു.