കോട്ടയം: കുമരകം അറുപറയിൽ നിന്നു കാണാതായ ദമ്പതികൾക്കു വേണ്ടി മീനച്ചിലാറ്റിൽ നേവിയുടെ മുങ്ങൽ വിദഗ്ധർ നടത്തുന്ന തെരച്ചിൽ ഇന്നും തുടരുകയാണ്. ഇന്നലെ നടത്തിയ തെരച്ചിൽ വിഫലമായി. ഇന്നലെ ഉച്ചകഴിഞ്ഞു 2.30നാണു സംഘം തെരച്ചിൽ ആരംഭിച്ചത്. വൈകുന്നേരം വരെ തെരച്ചിൽ നടത്തിയിട്ടും സൂചനയൊന്നും ലഭിച്ചിട്ടില്ല. ഇന്ന് താഴത്തങ്ങാടി തടയണയുടെ കിഴക്കോട്ടുള്ള ഭാഗങ്ങളിലാണ് തെരച്ചിൽ നടത്തുക.
ദന്പതികൾ സഞ്ചരിച്ച കാർ കോട്ടയത്തിനു പുറത്തേക്ക് പോയതിന്റെ തെളിവൊന്നും ലഭിക്കാത്തതിനാലാണ് ആറ്റിലും മറ്റും തെരച്ചിൽ ശക്തമാക്കിയത്. കുമരകം അറുപറ പാലത്തിനുസമീപം ഒറ്റക്കണ്ടത്തിൽ ഹാഷിം (42), ഭാര്യ ഹബീബ (37) എന്നിവരെ കഴിഞ്ഞ ആറിനു രാത്രി ഒന്പതു മുതലാണു കാണാതായത്. ദന്പതികൾ കാറിൽ സഞ്ചരിച്ചിരുന്ന റോഡിനു സമീപമുള്ള ആറിന്റെ അടിത്തട്ട് ഓട്ടോണമസ് അണ്ടർവാട്ടർ വെഹിക്കിളി(എയുവി)ന്റെ സഹായത്തോടെയാണ് പരിശോധിച്ചത്.
കുമരകം സ്റ്റേഷനിൽ നേവി സംഘം പോലീസുമായി ചർച്ച നടത്തിയശേഷം ആറിന്റെ താഴത്തങ്ങാടി ഭാഗമാണ് പരിശോധിച്ചത്. പോലീസ് നിർദേശിച്ച ഭാഗങ്ങളിലെ പുഴയുടെ അടിത്തട്ട് പരിശോധിക്കുകയും സംശയം തോന്നിയ സ്ഥലങ്ങളിൽ മുങ്ങി നോക്കുകയുമാണ് ചെയ്തത്. രണ്ട് ബോട്ടുകളിലായി കുമരകം പോലീസും ഇവർക്കൊപ്പം ഉണ്ടായിരുന്നു.
മുങ്ങൽ വിദ്ഗധരുടെ സംഘം കോട്ടയത്ത് ക്യാന്പ് ചെയ്യുകയാണ്. ഇന്നുകൂടി തെരച്ചിൽ തുടരുമെന്നു അന്വേഷണ ചുമതലയുള്ള വെസ്റ്റ് സിഐ നിർമൽ ബോസ് പറഞ്ഞു. തെരച്ചിൽ നടത്തുന്നതു അറിഞ്ഞ് ആറിന്റെ ഇരുകരകളിലും വൻ ജനാവലി എത്തിയിരുന്നു. നേവി സംഘം മടങ്ങുന്നതുവരെ നാട്ടുകാരും പുഴയുടെ തീരങ്ങളിൽ കാത്തുനിന്നു.
ദന്പതികളെക്കുറിച്ചു വിവരമൊന്നും ലഭിക്കാത്തതിനാലാണു ജില്ലാ പോലീസ് നേവിയുടെ സഹായം തേടിയത്. മുന്പു മീനച്ചാലാറ്റിലും കൈവഴികളിലും ഫയർ ഫോഴ്സിന്റെയും പോലീസിന്റെയും നേതൃത്വത്തിൽ തെരച്ചിൽ നടത്തിയിരുന്നെങ്കിലും ഒന്നും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.