ലക്നൗ: ഭർത്താവിന്റെ ദീർഘായുസിനായി വ്രതം (കർവാ ചൗഥ് ) എടുത്ത യുവതി വ്രതം തീർന്ന ഉടൻ വിഷം നൽകി അയാളുടെ ജീവനെടുത്തു. ഭർത്താവ് ശൈലേഷ് കുമാറിന് (32) മറ്റൊരു സ്ത്രീയുമായി അവിഹിതബന്ധമുണ്ടെന്നു സംശയിച്ചാണ് ഭാര്യ സവിത വിഷം നല്കി കൊലപ്പെടുത്തിയത്. ഉത്തർപ്രദേശ് കൗശാംബി ജില്ലയിലെ കടധാം പോലീസ് സ്റ്റേഷൻ പരിധിയിലാണു സംഭവം.
ഭർത്താവിനുള്ള ഭക്ഷണത്തില്‍ വിഷം കലർത്തിയശേഷം അയാൾക്കൊപ്പം ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ച സവിത, ശൈലേഷിനോട് അയല്‍വാസിയുടെ വീട്ടില്‍ പോകാൻ ആവശ്യപ്പെട്ടു. തുടർന്ന് സവിത വീട്ടിൽനിന്നു സ്ഥലം വിട്ടു.
വിഷം ഉള്ളിൽ ചെന്ന് അവശനിലയിലായ ശൈലേഷിനെ അയൽക്കാർ ആശുപത്രയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അറസ്റ്റിലായ സവിത, ഭർത്താവിന്റെ ഭക്ഷണത്തില്‍ വിഷം കലർത്തിയെന്നു മൊഴി നൽകിയതായി പോലീസ് പറഞ്ഞു.
ഭർത്താവിന്റെ ആയുസിനും രക്ഷയ്ക്കുംവേണ്ടി സൂര്യോദയം മുതൽ ചന്ദ്രോദയം വരെ വടക്കേ ഇന്ത്യയിലെ ഹിന്ദു സ്ത്രീകൾ എടുക്കുന്ന ഒരു ദിവസത്തെ വ്രതമാണ് “കർവ ചൗഥ്’. മധ്യപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിലും ഉത്തർപ്രദേശ്, ഹിമാചൽ പ്രദേശ്, ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളിലെ ചില ഭാഗങ്ങളിലും കർവ ചൗഥ് ആചരിച്ചുവരുന്നു.