ന്യൂഡൽഹി: പണം കൊടുത്തു പിഞ്ചുകുഞ്ഞുങ്ങളെ വാങ്ങി ഉയർന്ന തുകയ്ക്കു വില്ക്കുന്ന ദന്പതികൾ ഉൾപ്പെടെ നാലു പേർ പിടിയിൽ. നാഗ്ലോയി പ്രദേശത്തുനിന്നുമാണു ഡൽഹി സ്വദേശികളായ സംഘം പിടിയിലായത്.
ഇവരിൽനിന്നു രണ്ടു പിഞ്ചുകുഞ്ഞുങ്ങളെ രക്ഷപ്പെടുത്തി. വിവിധ സംസ്ഥാനങ്ങളിലെ പാവപ്പെട്ട കുടുംബങ്ങളിൽനിന്നു കുട്ടികളെ വാങ്ങുകയും പിന്നീടു കൂടുതൽതുകയ്ക്കു വിൽക്കുകയുമായിരുന്നു പ്രതികൾ ചെയ്തിരുന്നതെന്ന് പോലീസ് പറഞ്ഞു. രക്ഷപ്പെടുത്തിയ കുഞ്ഞുങ്ങൾക്ക് ഏകദേശം 15-20 ദിവസം പ്രായമുണ്ട്.
പഞ്ചാബിൽനിന്നു വാങ്ങിയ പെൺകുഞ്ഞുങ്ങളെ യുപിയിൽ വിൽക്കാൻ ശ്രമിച്ചെങ്കിലും ആവശ്യക്കാരെ കണ്ടെത്താനായില്ല. തുടർന്നു കുഞ്ഞുങ്ങളെ ഡൽഹിയിൽ എത്തിച്ചു വിൽക്കാൻ ശ്രമിക്കുന്നതിനിടെയാണ് സംഘം പിടിയിലാകുന്നത്.
ചോദ്യം ചെയ്യലിൽ മൂന്നു മാസം പ്രായമുള്ള പെൺകുഞ്ഞിനെ ചണ്ഡീഗഢിൽ രണ്ടര ലക്ഷം രൂപയ്ക്കു വിറ്റതായി പ്രതികൾ വെളിപ്പെടുത്തി. ഈ കുട്ടിയെ കണ്ടെത്തിയതായും പോലീസ് അറിയിച്ചു.