കൈയിൽ ആവശ്യത്തിനുള്ള പണമില്ലാത്തത് എപ്പോഴും ഒരു പ്രശ്നമാണ്. എന്നാൽ ബംഗളൂരുവിൽ നിന്നുള്ള ഈ ടെക്കി ദമ്പതികളുടെ പ്രശ്നം ഇതിൽ നിന്നും തികച്ചും വ്യത്യസ്തമാണ്. ടെക് കമ്പനിയിൽ ജോലി ചെയ്യുന്ന ദമ്പതികൾ തങ്ങളുടെ പ്രതിമാസ വരുമാനം ഏകദേശം 7 ലക്ഷം രൂപയാണെന്നും അത് എവിടെ, എങ്ങനെ ചെലവഴിക്കണം എന്നറിയില്ലെന്നുമാണ് പറയുന്നത്.
ഇന്ത്യൻ പ്രൊഫഷണലുകൾ ശമ്പളം, ജോലിസ്ഥലങ്ങൾ, സാമ്പത്തികം എന്നിവ ചർച്ച ചെയ്യുന്ന പ്ലാറ്റ്ഫോമായ ഗ്രേപ്വിൻ ആപ്പിൽ ദമ്പതികൾ ഒരു പോസ്റ്റ് അപ്ലോഡ് ചെയ്തു. ഇതിൽ പ്രശ്നം പങ്കുവെച്ച ദമ്പതികൾ മിച്ചവരുമാനം എങ്ങനെ വിനിയോഗിക്കണമെന്നതിനെക്കുറിച്ച് മറ്റ് ഉപയോക്താക്കളിൽ നിന്ന് ഉപദേശവും തേടി.
തുടർന്ന് ഗ്രേപ്വൈനിന്റെ സഹസ്ഥാപകനും സിഇഒയുമായ സൗമിൽ ത്രിപാഠിയാണ് ഇപ്പോൾ വൈറലായ പോസ്റ്റിൻ്റെ സ്ക്രീൻഷോട്ട് എക്സിൽ പങ്കിട്ടത്. താനും ഭാര്യയും ബംഗളൂരുവിൽ സോഫ്റ്റ്വെയർ എഞ്ചിനീയർമാരായി ജോലി ചെയ്യുകയാണെന്നും കുട്ടികളില്ലാത്ത ഇരട്ട വരുമാനമുള്ള കുടുംബമെന്ന നിലയിൽ ദമ്പതികൾ തങ്ങളുടെ ശമ്പളത്തിന്റെ നല്ലൊരു പങ്ക് ലാഭിക്കുന്നുവെന്നും അദ്ദേഹം പോസ്റ്റിൽ പറഞ്ഞു.
ജീവിതച്ചെലവ്, കാർ അറ്റകുറ്റപ്പണികൾ തുടങ്ങി എല്ലാ ചെലവുകളും കഴിഞ്ഞതിന് ശേഷവും ദമ്പതികൾക്ക് മൂന്ന് ലക്ഷം രൂപ മിച്ചമുണ്ട്. മ്യൂച്വൽ ഫണ്ടുകളിൽ പ്രതിമാസം 2 ലക്ഷം രൂപ വരെ നിക്ഷേപിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്ക്രീൻഷോട്ട് പങ്കിട്ടുകൊണ്ട് സൗമിൽ ത്രിപാഠി എഴുതി, ‘ഇത് ഗംഭീരമാണ്. ഒരു കാലത്ത് ഇന്ത്യൻ വ്യവസായികൾ മാത്രമായിരുന്നു അമിതമായ പ്രശ്നങ്ങളിൽ അകപ്പെടുക. എന്നാൽ ഇന്ന് സർവീസ് ക്ലാസിലെ സാധാരണ 30 വയസ്സുള്ള ചിലർ പോലും സമ്പന്നരുടെ പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്നത് നാം കാണുന്നു’.
എക്സിൽ പോസ്റ്റ് വൈറലായതിന് ശേഷം ദമ്പതികളുടെ ഈ സാഹചര്യത്തെക്കുറിച്ച് അറിഞ്ഞവർ ഞെട്ടിയിരിക്കുകയാണ്. ആളുകൾ വ്യത്യസ്ത പ്രതികരണങ്ങളാണ് ഈ പോസ്റ്റിന് നൽകിയത്.
ഒരു വീട് വാങ്ങുക, കാർ നവീകരിക്കുക, ആഡംബര യാത്രയ്ക്ക് പോകുക, ഭാവിയിൽ കുഞ്ഞിനെ ആസൂത്രണം ചെയ്യുക, കൂടുതൽ അവധി എടുക്കുക, പൊതു/സ്വകാര്യ കമ്പനികളിൽ (അല്ലെങ്കിൽ റിയൽ എസ്റ്റേറ്റ്) കൂടുതൽ നിക്ഷേപിക്കുക തുടങ്ങി നിരവധി മാർഗങ്ങളാണ് പണം ചെലവാക്കുന്നതിനായി സോഷ്യൽ മീഡിയ ദമ്പതികൾക്ക് നിർദേശിച്ചിരിക്കുന്നത്.