തിരുവനന്തപുരം: അരുണാചല്‍ പ്രദേശില്‍ മലയാളികളായ ദമ്പതികളും യുവതിയും മരിച്ച സംഭവത്തില്‍ ലാപ്ടോപ്പിന്റെ ഫോറന്‍സിക് പരിശോധനാഫലം ഇന്ന് ലഭിക്കും. മരിച്ച നവീന്‍ തോമസിന്റെ കാറിൽ നിന്ന് ലഭിച്ച ലാപ്ടോപ്പിന്റെ പരിശോധനാഫലമാണ് ഇന്ന് ലഭിക്കുക.
മരിച്ച ആര്യയ്ക്ക് നിരന്തരം ലഭിച്ച ഇ മെയില്‍ സന്ദേശങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ ഗൂഗിളും ഇന്ന് പോലീസിന് കൈമാറും. ആര്യയ്ക്ക് സ്ഥിരമായി അന്യഗ്രഹ ജീവിതത്തെക്കുറിച്ച് വിവരങ്ങള്‍ അയച്ചിരുന്ന ഡോണ്‍ ബോസ്കോ എന്ന ഇമെയില്‍ ഐഡി ആരുടേതാണെന്ന കാര്യത്തിൽ ഇന്ന് വ്യക്തത ലഭിക്കുമെന്ന് പോലീസ് കരുതുന്നു.
മരിച്ച ആര്യയ്ക്ക് ഡോണ്‍ബോസ്കോ എന്ന ഐഡിയില്‍നിന്ന് ആരാണ് മെയില്‍ അയച്ചത് എന്ന വിവരമാണ് ഗൂഗിള്‍ കൈമാറുന്നത്. അതേസമയം മലയാളികളുടെ മരണത്തില്‍ മുഖ്യസൂത്രധാരന്‍ മരിച്ച നവീനാണെന്ന സംശയവും അന്വേഷണ സംഘത്തിനുണ്ട്. ഏഴ് വര്‍ഷമായി നവീന്‍ കാര്യങ്ങള്‍ ആസൂത്രണം ചെയ്യുകയായിരുന്നെന്നും വിശ്വാസത്തിന്റെ ഭാഗമായാണ് അരുണാചല്‍ തെരഞ്ഞെടുത്തതെന്നുമുള്ള സൂചനകളാണ് അന്വേഷണ സംഘം നൽകുന്നത്.
നവീന്‍ തന്നെയാണ് ഡോണ്‍ ബോസ്കോ എന്ന വ്യാജ ഇമെയില്‍ ഐഡി കൈകാര്യം ചെയ്തിരുന്നതെന്ന സംശയവും പോലീസിനുണ്ട്. നവീന്റെ കാറിൽനിന്ന് പ്രത്യേക തരത്തിലുള്ള കല്ലുകളും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ആളുകൾ അണിയുന്ന ഷാളുകളും കണ്ടെത്തിയിരുന്നു. കത്തികളും അന്യഗ്രഹജീവിയുടെ ചിത്രങ്ങളും കാറിലുണ്ടായിരുന്നു.
‘ഭൂമി നശിക്കും പ്രളയം വരും പര്‍വതങ്ങളാണ് രക്ഷ’യെന്ന് നവീന്‍ പറയുന്ന ചാറ്റുകള്‍ അന്വേഷണസംഘം കണ്ടെത്തിയിരുന്നു. ഉയരമേറിയ പ്രദേശത്ത് ജീവിച്ചാല്‍ മാത്രമേ ജീവന് സംരക്ഷിക്കാന്‍ കഴിയൂ എന്നായിരുന്നു നവീന്റെ വിശ്വാസം. അന്യഗ്രഹ ജീവിതം സാധ്യമാകുമെന്നതിനാല്‍ ഉയര്‍ന്ന പ്രദേശം തെരഞ്ഞെടുക്കുകയായിരുന്നുവെന്നാണ് സൂചന.
മരണത്തിനു ശേഷം അന്യഗ്രഹ ജീവിതം ലഭിക്കുമെന്ന വിശ്വാസം ഇവര്‍ക്കുണ്ടായിരുന്നു. ഇത് തെളിയിക്കുന്ന വിവരങ്ങളാണ് അന്വേഷണ സംഘത്തിനും ലഭിക്കുന്നത്. കോട്ടയം മീനടം സ്വദേശികളും ദമ്പതികളുമായ നവീന്‍ (39), ദേവി (39), വട്ടിയൂര്‍ക്കാവ് മേലത്തുമേലെ സ്വദേശിനി ആര്യ നായര്‍ (27) എന്നിവരെയാണ് അരുണാചൽ പ്രദേശിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.