തിരുവല്ല: വയോധിക ദന്പതികളുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം സംസ്കരിച്ചു.കവിയൂർ തിരുവാമനപുരം ശ്രീകൃഷ്ണക്ഷേത്രത്തിന് സമീപം തെക്കേതിൽ സുജാഭവനിൽ വാസു ആചാരി(79) ഭാര്യ രാജമ്മ(69) എന്നിവരെയാണ് വീടിനുള്ളിൽ മരിച്ചനിലയിൽ കാണപ്പെട്ടത്.
വാസുആചാരിയെ വീടിന്റെ കിടപ്പുമുറിയുടെ മേൽക്കൂരയുടെ കഴിക്കോലിൽ തൂങ്ങിമരിച്ച നിലയിലും ഭാര്യ രാജമ്മയെ ഇതേകിടപ്പുമുറിയുടെ കട്ടിലിൽ കഴുത്തിന്റെ ഇടതുഭാഗത്ത് ആഴത്തിൽവെട്ടേറ്റ് രക്തംവാർന്ന് മരിച്ചനിലയിലുമാണ് കാണപ്പെട്ടത്. രാജമ്മയെ കൊലപ്പെടുത്തി വാസുആചാരി ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക നിഗമനം.
സംഭവവുമായി ബന്ധപ്പെട്ട് ഇവരുടെ മകൻ പ്രശാന്തിനെ (49) പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തെങ്കിലും കൊലപാതകവുമായി ബന്ധപ്പെട്ട സൂചനകൾ ലഭിച്ചിട്ടില്ലെന്ന് പറയുന്നു. പോസ്റ്റുമോർട്ടം റിപ്പോർട്ടിന്റെ കൂടി അടിസ്ഥാനത്തിലാണ് പോലീസ് പ്രാഥമിക നിഗമനത്തിലേക്കെത്തിയത്.
ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.30നാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്. കോട്ടയം മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്കു കൈമാറിയ മൃതദേഹങ്ങൾ ഇന്നലെ സംസ്കരിച്ചു.