മുംബൈ: ഇരുപത്തിയാറാം വിവാഹവാർഷികദിനത്തിൽ വിവാഹവസ്ത്രങ്ങളണിഞ്ഞ് ദമ്പതികൾ വീടിനുള്ളിൽ ജീവനൊടുക്കി. പ്രമുഖ ഹോട്ടലുകളിൽ ഷെഫ് ആയി ജോലി ചെയ്തിരുന്ന ജെറിൽ ഡാംസൺ (57), ഭാര്യ ആനി (46) എന്നിവരാണു മരിച്ചത്.
നാഗ്പുരിലാണു സംഭവം. വിവാഹവാർഷികത്തോടനുബന്ധിച്ച് ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമായി ഇവർ വിരുന്ന് നൽകിയിരുന്നു. ഇതിനുശേഷമായിരുന്നു ആത്മഹത്യ.
ആദ്യം ആനിയാണ് ജീവനൊടുക്കിയതെന്നാണു പോലീസ് നിഗമനം. ഇവരുടെ മൃതദേഹം കട്ടിലിൽ വെള്ളപ്പൂക്കൾകൊണ്ട് കിടക്ക അലങ്കരിച്ച് വെള്ളത്തുണി പുതപ്പിച്ച നിലയിലായിരുന്നു. ഭാര്യയുടെ മൃതദേഹം അലങ്കരിച്ചശേഷം ജെറിൽ ഫാനിൽ തൂങ്ങിമരിക്കുകയായിരുന്നെന്നു കരുതുന്നതായി പോലീസ് പറഞ്ഞു.
മരിക്കും മുൻപ് സമൂഹമാധ്യമത്തിൽ ആത്മഹത്യാക്കുറിപ്പും വിൽപത്രവും പോസ്റ്റ് ചെയ്തിരുന്നു. എന്നാൽ, എന്തിനാണു ജീവനൊടുക്കിയതെന്നു വ്യക്തമല്ല. മക്കളില്ലാത്തതിന്റെ ദുഃഖം അലട്ടിയിരുന്നതായി ബന്ധുക്കൾ പോലീസിനോടു പറഞ്ഞു.
കോവിഡിനു മുൻപു ഹോട്ടലുകളിൽ ഷെഫ് ആയി ജോലി ചെയ്തിരുന്ന ജെറിൽ പിന്നീട് ജോലി ഉപേക്ഷിച്ചിരുന്നു. സാമ്പത്തിക ബാധ്യതയുണ്ടായിരുന്നതായി സൂചനയുണ്ട്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചശേഷം കൂടുതൽ അന്വേഷണം നടത്തുമെന്നു പോലീസ് അറിയിച്ചു.