റാന്നി: അവധിക്കാല സന്തോഷങ്ങൾക്കിടയിലും പ്രകൃതിയോടുള്ള കരുതലിൽ റാന്നിയിലെ അധ്യാപക ദന്പതികൾ. വനത്തിനകത്തേക്ക് വലിച്ചെറിയുന്ന മാലിന്യങ്ങൾ ശേഖരിച്ച് ഹരിതകർമസേനയ്ക്ക് കൈമാറുന്ന നേച്ചർ ഗ്വാർഡ്സ് ഇനിഷ്യേറ്റീവ് വോളണ്ടിയർമാരായാണ് പഴവങ്ങാടി ഗവ. യുപി സ്കൂൾ ശാസ്ത്രാധ്യാപികയും ശാസ്ത്ര പാഠപുസ്തക രചനാ സമിതിയംഗവുമായ എഫ്. അജിനിയും റാന്നി ബിപിസി ഷാജി എ. സലാമും പങ്കെടുത്തത്.
ലവ് പ്ലാസ്റ്റിക്, ബീറ്റ് പ്ലാസ്റ്റിക് പൊല്യൂഷൻ എന്ന പരിസ്ഥിതി വിദ്യാഭ്യാസ പ്രവർത്തനത്തിലൂടെ ശ്രദ്ധേയയാണ് അജിനി ടീച്ചർ. നെല്ലിയാമ്പതിയിലും അട്ടപ്പാടിയിലും വനമേഖലയിലെ പ്ലാസ്റ്റിക് മാലിന്യനിർമാർജനം, കാട്ടുതീ തടയാനുള്ള പ്രവർത്തനങ്ങൾ, അധിനിവേശ സസ്യങ്ങളെ ഉന്മൂലനം ചെയ്യാനുള്ള പരിപാടികൾ എന്നിവയാണ് എൻജിഐയുടെ പ്രധാന പ്രവർത്തനങ്ങൾ.
അവധിക്കാലത്ത് ഇത്തരം പ്രവർത്തനങ്ങളോടൊപ്പം പ്ലാസ്റ്റിക് കുപ്പികൾ ഉപയോഗിച്ച് ശാസ്ത്ര കളിപ്പാട്ടങ്ങളും പഠനോപകരണങ്ങളും നിർമിക്കാൻ കുട്ടികളെ പരിശീലിപ്പിക്കുമെന്ന് അജിനി ടീച്ചർ പറഞ്ഞു.
മൊബൈൽ ഫോണിൽനിന്ന് കുട്ടികളുടെ ശ്രദ്ധ ക്രിയാത്മകമായ പ്രവർത്തനങ്ങളിലേക്ക് മാറ്റുന്നതിനും മാതൃകയാകുന്നതിനുമാണ് ഇത്തരം പ്രവർത്തനങ്ങളിൽ വ്യാപൃതരാക്കുന്നത്. കണ്ണട്ടകളും പാമ്പുകളും വന്യജീവികളും ഉള്ള വനത്തിനുള്ളിലെ പ്രവർത്തനങ്ങൾ ഏറെ വെല്ലവിളികൾ നേരിടുന്നതായിരുന്നു.
വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള റോഡുകളിലെ വ്യൂ പോയിന്റുകളിൽ മാലിന്യങ്ങൾ നിക്ഷേപിക്കാനുള്ള സൗകര്യങ്ങൾ ഉണ്ടെങ്കിലും റോഡിന് വീതിയുള്ള വാഹനങ്ങൾ പതിവായി പാർക്ക് ചെയ്യുന്ന സ്ഥലങ്ങളിൽ ഇതിനുള്ള സംവിധാനം ഇല്ലാത്തതിനാലാണ് അലക്ഷ്യമായി കുപ്പികളും ഭക്ഷണ കവറുകളും റോഡരികിലും വനത്തിനുള്ളിലേക്കും ആളുകൾ വലിച്ചെറിയുന്നത്. അതിന് അധികാരികൾ പരിഹാരം കാണണമെന്നാണ് അജിനിയുടെ നിർദേശം.