കോട്ടയം: ചിങ്ങവനത്ത് എംസി റോഡിൽ അമിത വേഗത്തിൽ കാറോടിച്ച് മണിക്കൂറുകളോളം ഭീതി പടർത്തിയ ദമ്പതികളെ കോടതിയിൽ ഹാജരാക്കാതെ തന്നെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചേക്കും. ഇന്നലെ മറിയപ്പള്ളി മുതൽ ചിങ്ങവനം വരെയാണ് കാറിൽ ദമ്പതികൾ മരണപ്പാച്ചിൽ നടത്തിയത്.
സംഭവത്തിൽ കായംകുളം സ്വദേശി അരുൺ കുമാർ, ഭാര്യ ധനുഷ എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. നിരവധി വാഹനങ്ങളിൽ ഇടിച്ച ഇവരുടെ കാർ റോഡിന് കുറുകെ ക്രെയിൻ നിർത്തിയാണ് പോലീസ് പിടികൂടിയത്.
വാഹനത്തിൽ നിന്ന് ഇറങ്ങാൻ തയാറാകാഞ്ഞ ഇവരെ ഒടുവിൽ പോലീസ് ബലം പ്രയോഗിച്ചാണ് ഇറക്കിയത്. കാറിൽ നിന്ന് കഞ്ചാവും പോലീസ് പിടികൂടിയിട്ടുണ്ട്. എന്നാല്‍ ജാമ്യമില്ലാത്ത വകുപ്പ് ചുമത്താവുന്ന തരത്തിലുള്ള അളവില്‍ കഞ്ചാവ് ഇവരുടെ കൈവശം ഉണ്ടായിരുന്നില്ലെന്ന് പോലീസ് പറഞ്ഞു. ദമ്പതികൾ സഞ്ചരിച്ച കാർ മറ്റ് വാഹനങ്ങളിൽ തട്ടിയെങ്കിലും ആർക്കും പരിക്കേറ്റിട്ടില്ല.
ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് എംസി റോഡിൽ കോട്ടയം മറിയപ്പള്ളി മുതൽ ചിങ്ങവനം വരെയുള്ള ഭാഗത്ത് അപകടകരമായ രീതിയിൽ ദമ്പതികൾ വാഹനമോടിച്ചത്. അലക്ഷ്യമായി വന്ന വാഹനം റോഡിലെ മറ്റ് പല വാഹനങ്ങളിലും ഇടിച്ചു. നാട്ടുകാർ ഇവരുടെ വാഹനം തടയാൻ ശ്രമിച്ചെങ്കിലും ദമ്പതികൾ വാഹനം നിർത്താതെ പോവുകയായിരുന്നു.
തുടർന്ന് നാട്ടുകാർ ചിങ്ങവനം പോലീസിൽ വിവരം അറിയിക്കുകയും, പിന്നാലെ ചിങ്ങവനം എസ്എച്ച്ഒയുടെ നേത്യത്വത്തിലുള്ള സംഘം സെമിനാരിപടിക്ക് സമീപം ക്രെയിൻ റോഡിന് കുറുകെ നിർത്തി ദമ്പതികളുടെ വാഹനം പിടികൂടുകയായിരുന്നു.