വാഴക്കുളം: അന്ന് വിവാഹനാളിൽ ദൈവതിരുമുമ്പിൽ വാഗ്ദാനം ചെയ്തതാണ് – എന്നും എപ്പോഴും ഏതു കാര്യങ്ങൾക്കും ഒരുമിച്ചുണ്ടാകുമെന്ന്.
ഇത് പരസ്പരം അന്വർത്ഥമാക്കുകയാണ് ഈ ദമ്പതികൾ. ഇരുവരും അന്യോന്യമുള്ള പ്രവർത്തനമേഖലകളെ സ്വജീവിതത്തിൽ മാതൃകയായി പകർത്തുന്നവരുമാണ്.
നമുക്കിവരെ പരിചയപ്പെടാം
ഇവർ മറ്റാരുമല്ല; ഒരു പക്ഷേ നിങ്ങൾക്ക് ഇവർ ചിരപരിചിതരുമാകാം.
ഒന്നുറപ്പുണ്ട്, വളരെയധികം സൗഹൃദവലയവും പരിചിതരും അപരിചിതരുമായ സുഹൃത്തുക്കളും നിറഞ്ഞ ഒരു സമൂഹമധ്യത്തിലാണ് ഇവർ നിരന്തരം വ്യാപരിക്കുന്നത്. ഓരോ ചെറു സമൂഹവും ഇവരെ തേടുകയാണ്. വ്യത്യസ്ത മേഖലകളുമായി ഇവർ അത്രമേൽ ഇഴചേർന്നിരിക്കുന്നു.
ആരാണിവർ എന്ന് ഇനിയും പറയാതിരുന്നാൽ….!
ഇവരുടെ കർമ മണ്ഡലങ്ങളേക്കുറിച്ചറിഞ്ഞു കഴിയുമ്പോൾ ക്വിസ് മാസ്റ്റർക്കു നൽകാനുള്ള ഉത്തരം പോലെ നമുക്ക് ഇവരുടെ പേര് നാവിൻതുമ്പിലെത്തും.
ഇപ്പോൾ ഇവർ
മുവാറ്റുപുഴ ബ്ലോക്കു പഞ്ചായത്ത് ആരക്കുഴ ഡിവിഷൻ യുഡിഎഫ് സ്ഥാനാർത്ഥി ജോസ് പെരുമ്പിള്ളിക്കുന്നേലും മഞ്ഞള്ളൂർ പഞ്ചായത്ത് ഒന്നാം വാർഡ് യുഡിഎഫ് സ്ഥാനാർത്ഥി ആൻസി ജോസുമാണ് ആ ദമ്പതിമാർ. ഇപ്പോൾ പലർക്കും അനുഭവങ്ങൾ പറയാനുണ്ടാകും. സ്വന്തമായിട്ടുള്ളതോ നേരിട്ടറിഞ്ഞിട്ടുള്ളതോ ആയ നിരവധി അനുഭവങ്ങൾ.
സാമൂഹിക പശ്ചാത്തലത്തിലേയ്ക്ക് പൈനാപ്പിൾ പേരുകൊണ്ട് കേളികേട്ട വാഴക്കുളം ടൗണിൽ നിന്ന് ഒരു വിളിപ്പാടകലം മാത്രം ദൂരത്ത് മഞ്ഞള്ളൂർ പഞ്ചായത്തിലെ വോട്ടർമാരാണ് പൈനാപ്പിൾ വ്യാപാരിയും കർഷകനുമായ ജോസ് പെരുമ്പിള്ളിക്കുന്നേലും വെള്ളാരങ്കല്ല് പഞ്ചായത്ത് യു.പി.സ്കൂൾ പ്രധാനാധ്യാപികയുമായിരുന്ന ആൻസിയും. പിന്നീട് മഞ്ഞള്ളൂർ പഞ്ചായത്തു പ്രസിഡൻറ്, മെമ്പർ എന്നീ നിലകളിൽ ഇവരിരുവരും എത്തിച്ചേർന്നു.
കർമപഥത്തിൽ
മുവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്തു പ്രസിഡന്റായിരുന്നു ജോസ് പെരുമ്പിള്ളിക്കുന്നേൽ.
കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ്, സ്പെഷ്യൽ ഗ്രേഡ് സഹകരണ ബാങ്ക് പ്രസിഡന്റ്, ഓൾ കേരള പൈനാപ്പിൾ മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ്, ഡ്രൈവേഴ്സ് യൂണിയൻ മേഖലാ പ്രസിഡന്റ്, ട്രാവൻകൂർ സ്പോർട്സ് സെന്റർ പ്രസിഡന്റ് എന്നീ നിലകളിൽ ഒരേ സമയം ഏതാണ്ട് മുഴുവൻ സമയ പൊതുപ്രവർത്തനത്തിലാണ് ജോസ് പെരുമ്പിള്ളിക്കുന്നേൽ എന്ന ധിഷണാശാലി ഇപ്പോൾ.
സ്വന്തം നിഘണ്ടുവിൽ നിന്ന് അസാധ്യമെന്ന വാക്ക് നീക്കം ചെയ്ത ഇദ്ദേഹത്തെ 2010 – 15 കാലയളവിൽ മുവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്തിൽ പ്രസിഡന്റിനെ തേടി എത്തിയിട്ടുള്ളവർക്കും രണ്ടായിരം മുതൽ ഇന്നോളം മഞ്ഞള്ളൂർ പഞ്ചായത്തുമായി ബന്ധപ്പെട്ടിട്ടുള്ളവർക്കും അടുത്തറിയാം.
പ്രവർത്തന മികവിന്റെ അംഗീകാരമായാണ് ഇക്കഴിഞ്ഞ ഭരണ സമിതിയിൽ ഇദ്ദേഹം രണ്ടാം തവണയും പ്രസിഡന്റായത്.
വ്യത്യസ്ത പന്ഥാവുകളിലെ പ്രവർത്തനങ്ങൾ അക്കമിട്ടു നിരത്തി സ്വയം പറയുന്നതിനേക്കാൾ മറ്റുള്ളവർ കാണുന്നതും കേൾക്കുന്നതും അനുഭവിക്കുന്നതുമാണ് പൊതുപ്രവർത്തന രംഗത്തെ ആനന്ദമെന്ന പക്ഷമാണ് ഇരുവർക്കും. ഇതു വായിക്കുന്നവരിൽ തന്നെ പ്രത്യക്ഷമായോ പരോക്ഷമായോ ഫലങ്ങൾ അനുഭവിക്കുന്നവരും ഉണ്ടാകും.
പരസ്പരം വഴിതെളിച്ചവർ
1995-2000 കാലയളവിൽ ആൻസി ടീച്ചർ മഞ്ഞള്ളൂർ പഞ്ചായത്തിന്റെ ഭരണസാരഥ്യത്തിലെത്തി. ജീവിതത്തെക്കുറിച്ചുള്ള ബാലപാഠങ്ങൾ പകരുന്ന മാർഗദർശിയാണ് കുട്ടികൾക്ക് അധ്യാപകർ.
ഭാര്യയുടെ ഈ അറിവു പകരൽ തന്റെ വ്യത്യസ്ത മേഖലകളിലും പകർത്തിയാണ് ജോസ് പെരുമ്പിള്ളിക്കുന്നേൽ വ്യക്തികളുടെ മനസിൽ ‘ജോസു ചേട്ടനായി’ ചിരപ്രതിഷ്ഠ നേടിയത്.
കാർഷികവും സംഘടനാപരവുമായ അറിവുകൾ മറ്റുള്ളവർക്ക് പങ്കുവച്ച് നൽകി നാളെ എന്ന ശുഭപ്രതീക്ഷയിലേക്ക് ഒപ്പമുള്ളവരെ ആനയിക്കാൻ വൈഭവം സിദ്ധിച്ച വ്യക്തിയാണിദ്ദേഹം.
മൂന്നു പതിറ്റാണ്ടിലേറെയായ ഇവരുടെ പൊതു ജീവിതം ഏറെ അനുകരണാർഹമാണ്. എത്തുന്നിടത്തെല്ലാം നൂറുമേനി കൊയ്ത് കാലത്തിനു മായ്ക്കാനാവാത്തവിധം ചിരപ്രതിഷ്ഠ നേടുന്ന ഇവർ ഇനിയും ഏർപ്പെടാനിരിക്കുന്ന കർമ മണ്ഡലത്തിന്റെ ശുഭോദയം.
ഭർത്താവിന്റെ നേതൃപാടവം ഹൃദിസ്ഥമാക്കിയാണ് ആൻസി ടീച്ചർ പഞ്ചായത്തിന്റെ പ്രഥമസ്ഥാനത്തെത്തിയത്.പ്രധാനാധ്യാപികയുടെ ഔദ്യോഗിക പരിവേഷം നീക്കി സമയപരിമിതിയില്ലാതെ സാമൂഹ്യ സേവന മേഖലയിലെത്തിയിരിക്കുകയാണ് ആൻസി ടീച്ചറിപ്പോൾ.
സമൂഹത്തിന്റെ വ്യത്യസ്ത മേഖലകളിൽ ദൈനംദിന ഇടപെടലുകൾ പരാതികൾക്കിടയില്ലാത്തവിധം നിറവേറ്റുന്ന ഭർത്താവിനെയാണ് പഞ്ചായത്തിലെ പ്രഥമ വനിതയായ നാളുകളിൽ ഈ അധ്യാപിക മാതൃകയാക്കിയത്. വിവാഹ നാളിൽ നൽകിയ ഉടമ്പടി ഇവർ പാലിക്കുന്നു ഇന്നും.
സമ്പത്തിലും ദാരിദ്ര്യത്തിലും ദുഃഖത്തിലും സന്തോഷത്തിലും ആരോഗ്യത്തിലും അനാരോഗ്യത്തിലും ഒരുമയോടെ ഏക മനസായി ജോസ് പെരുമ്പിള്ളിക്കുന്നേലും ഭാര്യ ആൻസിയും പൊതുരംഗത്തും പരസ്പരം മാതൃക പകർന്ന് ഏകാഗ്രതയോടെ പുത്തൻ വഴിതെളിച്ച് മുന്നേറുകയാണ്.