കേരള രാഷ്ട്രീയത്തിൽ സ്വപ്നയെന്ന സ്ത്രീയുണ്ടാക്കികൊണ്ടിരിക്കുന്ന കോലാഹലം ചെറുതല്ല. ഇംഗ്ലണ്ടിലെ ബ്രിഡ്ലിംഗ്ടണിലും ഒരു യുവതിയുമായി ബന്ധപ്പെട്ട രാഷ്ട്രീയ വിവാദം കൊടുന്പിരികൊണ്ടിരിക്കുകയാണ്. ഒരു കൗൺലിസറുടെ വിവാഹമാണ് രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്.
ഈസ്റ്റ് യോർക്കിലെ ബ്രിഡ്ലിംഗ്ടണിലെ മുൻ മേയർ ജോൺ കോപ്സി എന്ന 65 വയസുകാരനാണ് കഥയിലെ നായകൻ. 22 വയസുള്ള ഡെയ്സി ടോംലിൻസണാണ് നായിക. ഇരുവരുടെയും വിവാഹമാണ് ഇപ്പോൾ ബ്രിഡ്ലിംഗ്ടണിലെ സംസാര വിഷയം.
മൂന്നു വർഷം മുന്പ് മേയറായിരിക്കുന്പോഴാണ് കോപ്സി ഡെയ്സിയെ പരിചയപ്പെടുന്നത്. കാർഷിക സർവകലശാലയിലെ വിദ്യാർഥിയായിരുന്നു അവർ. വൈകാതെ ഇരുവരും ഒരുമിച്ചായി താമസം. കഴിഞ്ഞ ദിവസമായിരുന്നു ഇരവരുടെയും വിവാഹം.
കോപ്സിയും വിരമിച്ച നഴ്സ് ജാക്വിയും (66) 1980 ൽ വിവാഹിതരായെങ്കിലും 1992 ൽ വിവാഹമോചനം നേടി. ജോൺ വീണ്ടും വിവാഹം കഴിച്ചുവെങ്കിലും പരാജയപ്പെട്ടപ്പോൾ വീണ്ടും ജാക്വിയെ വിവാഹം ചെയ്തു.
ഡെയ്സിയെ പരിചയപ്പെട്ടതോടെ 2017ൽ ജാക്വിയെ ഉപേക്ഷിച്ചു. തന്റെ ചെറുമകളാകാൻ പ്രായമുള്ള ഒരാൾക്കുവേണ്ടി തന്നെ ഉപേക്ഷിച്ച കോപ്സിയെക്കുറിച്ച് ജാക്വിക്ക് ചെറിയ പരാതിയുണ്ട്.
ബ്രിഡ്ലിംഗ്ടൺ കൗൺസിലിന് കോപ്സിയുടെ ഈ പോക്കിൽ അൽപം പരാതിയുണ്ട്. തന്റെ കാര്യം കൗൺസിലിന് നന്നായി അറിയാം. പക്ഷേ, ഇത് തന്റെ വ്യക്തിപരമായ ജീവിതമാണെന്നും കൗൺസിൽ ഇതിൽ ഏർപ്പെടേണ്ട കാര്യമില്ലെന്നുമാണ് കോപ്സിയുടെ നിലപാട്.
“വിവാഹത്തിൽ എന്റെ മാതാപിതാക്കൾ സന്തുഷ്ടരാണ്. ഞാൻ സന്തോഷവതിയായിരിക്കുന്നിടത്തോളം കാലം അവർ സന്തുഷ്ടരാണെന്ന് അവർ പറയുന്നു.’- ഡെയ്സി പറഞ്ഞു.
പൂർണമായും കോവിഡ് പ്രോട്ടോകോൾ പാലിച്ചായിരുന്നു ഇരുവരുടെയും വിവാഹം. 10 പേരാണ് വിവാഹത്തിൽ പങ്കെടുത്തത്. ചെറുപ്പക്കാരിയുമായുള്ള പ്രണയം പ്രാദേശിക രാഷ്ട്രീയത്തിലെ തന്റെ കരിയറിനെ ബാധിച്ചിട്ടില്ലെന്നാണ് ഇലക്ട്രിക്കൽ എഞ്ചിനീയർ കൂടിയായ കോപ്സിന്റെ പക്ഷം.