പാലക്കാട്: യുവാവിനും കുടുംബത്തിനുമെതിരെ കേസുകൾ കെട്ടിച്ചമച്ച് പീഡിപ്പിക്കുന്നതായി പരാതി. വടവന്നൂർ സ്വദേശി നന്ദന ആകർഷാണ് കൊല്ലേങ്കാട് പോലീസിനെതിരെ പാലക്കാട് എസ് പിക്ക് പരാതി നല്‍കിയത്.
വിരമിച്ച പോലീസ് ഉന്നതൻ ഓടിച്ചിരുന്ന വാഹനം റോംഗ് സൈഡിലെത്തി താൻ സഞ്ചരിച്ചിരുന്ന വാഹനത്തെ ഇടിച്ചിട്ടതിനെ തുടർന്നുണ്ടായ വാക്കുതർക്കത്തിലും കേസിലും പ്രതികാരം തീർക്കാനെന്ന പോലെ പോലീസ് തുടരേ വ്യാജ കേസുകൾ രജിസ്റ്റർ ചെയ്യുകയാണെന്നും നന്ദനയും ഭർത്താവ് ആകർഷും വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.
സംഭവത്തിൽ 1000 രൂപ പിഴ ഈടാക്കിയശേഷം തന്റെ വാഹനം പോലീസ് സ്റ്റേഷനിൽ പിടിച്ചിട്ടിരിക്കുകയാണ്. തങ്ങൾക്കെതിരെ ആസൂത്രിത നീക്കമാണ് നടക്കുന്നത്. വീടിനുനേരെ സംഘം ചേർന്ന് ഒരുവിഭാഗം നടത്തിയ ആക്രമണത്തിൽ 26 ദിവസം മാത്രമുള്ള കുഞ്ഞിന് പരിക്കേറ്റു.
അജ്ഞാതരായ ചിലർ തന്നെ അപായപ്പെടുത്തുമെന്ന് ഫോണിൽ നിരന്തരം വിളിച്ച് ഭീഷണിപ്പെടുത്തുകയാണ്. നിലവിൽ തനിക്കെതിരെ നാലോളം കേസുകളാണ് കൊല്ലേങ്കാട് പോലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്നും ആകർഷ് പറഞ്ഞു.
സംഭവത്തെക്കുറിച്ച് സിഐ പറയുന്നതിങ്ങനെ: കഴിഞ്ഞ ഒക്ടോബർ മാസം ആറിന് കൊല്ലങ്കോട് പുതുനഗരം പാതയിൽ ബസ് സ്റ്റാൻഡ് ഭാഗത്തുനിന്നും കൊല്ലങ്കോട് ടൗണ്‍ ഭാഗത്തേക്ക് കാറിൽ യാത്ര ചെയ്യുകയായിരുന്ന റിട്ടയേഡ് ഡിവൈഎസ്പി തങ്കപ്പൻ സഞ്ചരിച്ച കാറിനുനേരെ പോലീസ് സ്റ്റേഷന്റെ വടക്കുഭാഗത്തുള്ള ചെറിയ റോഡിൽ ഇരുചക്രവാഹനത്തിൽ വന്ന ആകർഷ് (25) എന്ന യുവാവ് കാറിൽ ഇടിക്കാൻ ശ്രമിച്ചതായും വാഹനം ഓടിക്കുന്പോൾ ശ്രദ്ധിച്ചുവേണമെന്നും പറഞ്ഞ കാർ യാത്രക്കാരെ അരക്കിലോമീറ്റർ പിന്തുടതുർന്ന് ബൈക്കുകൊണ്ട് കാറിനെ വട്ടംപിടിച്ച് കാറിലുണ്ടായവരെ അസഭ്യം പറഞ്ഞ് ഭീഷണി ഉയർത്തി സംസാരിക്കുയും ചെയ്തതായി പറഞ്ഞ് റിട്ടയേഡ് ഡിവൈഎസ്പി തങ്കപ്പൻ കൊല്ലങ്കോട് സ്റ്റേഷനിൽ നല്കിയ പരാതിയെ തുടർന്ന് വടവന്നൂർ മലയാന്പള്ളം കണ്ടനാറയിൽ ആകർഷിനെതിരേ (25) കേസെടുത്ത് അന്വേഷണം നടത്തിയതെന്ന് സിഐ കെ.പി.ബെന്നി പറഞ്ഞു.
ബൈക്കിന്റെ മതിയായ രേഖകൾ ഹാജരാക്കാൻ സമയം നല്‍കിയിട്ടും ഹാജാക്കാത്തതിനെ തുടർന്ന് വാഹനം കോടതിയിൽ ഹാജരാക്കുമെന്നും പോലീസ് പറഞ്ഞു. കൂടാതെ അയൽവക്കത്തെ ആളുകളുമായും ബന്ധുക്കളുടെ വീട്ടിൽകയറി അക്രമം നടത്തിയതിന്റെ പേരിലും സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന പെണ്‍കുട്ടിയുടെ ചെകിടത്ത് അടിച്ചത് ഉൾപ്പെടെ ആകർഷിന്റെ പേരിൽ മൂന്നോളം കേസുകൾ എടുത്തിട്ടുള്ളതായും കൊല്ലങ്കോട് പോലീസ് പറഞ്ഞു.