കോട്ടയം: മധ്യവയസ്കനെ ആക്രമിച്ച് സ്വര്‍ണമാല തട്ടിയെടുത്ത കേസില്‍ ഭര്‍ത്താവിനെയും ഭാര്യയെയും പോലീസ് അറസ്റ്റ് ചെയ്തു. കൊടുങ്ങൂര്‍ പനച്ചിക്കമുകളേല് ജിനു (ഉണ്ണി-32), ഇയാളുടെ ഭാര്യ രമ്യാമോള് (30) എന്നിവരെയാണ് പള്ളിക്കത്തോട് പോലീസ് അറസ്റ്റ് ചെയ്തത്.
ഇളപ്പുങ്കല്‍ ഭാഗത്തുള്ള കള്ള് ഷാപ്പില്‍വച്ച് പള്ളിക്കത്തോട് സ്വദേശിയായ മധ്യവയസ്കനും ജിനുവും തമ്മിൽ വാക്കുതര്‍ക്കം ഉണ്ടായി. തുടർന്ന് ജിനു ഇയാളെ ആക്രമിച്ച് കഴുത്തില്‍ കിടന്നിരുന്ന സ്വര്‍ണമാല പൊട്ടിച്ചു കടന്നുകളയുകയായിരുന്നു.
പരാതിയെത്തുടര്‍ന്ന് പള്ളിക്കത്തോട് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും പ്രതി ഒളിച്ചുതാമസിച്ചിരുന്ന ഉപ്പുതറയിലുള്ള മാട്ടുതാവളം എന്ന സ്ഥലത്തുനിന്നു പിടികൂടുകയുമായിരുന്നു.
തുടര്‍ന്നു നടത്തിയ ചോദ്യം ചെയ്യലില്‍ മോഷണമുതല്‍ ഭാര്യയെ ഏല്‍പ്പിച്ചുവെന്നും പണയം വച്ചുവെന്നും ഇയാൾ സമ്മതിച്ചു. തുടര്‍ന്ന് ഭാര്യയെയും അറസ്റ്റ് ചെയ്യുകയായിരുന്നു. മോഷണ മുതല്‍ കാഞ്ഞിരപ്പള്ളിയിലുള്ള സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍നിന്നു കണ്ടെടുത്തു.