ഭര്‍ത്താവിന്റെ കടയിലെ ജീവനക്കാരനായ 23കാരനൊപ്പം യുവതി നാടുവിട്ടു, കൊണ്ടുപോയത് 40 പവനും 10 ലക്ഷം രൂപയും, എടിഎം ചതിച്ചപ്പോള്‍ കുട്ടിക്കാമുകനും യുവതിയും പിടിയില്‍, വയനാട്ടില്‍ നടന്നതിങ്ങനെ

കാമുകനൊപ്പം മുങ്ങിയ രണ്ട് കുട്ടികളുടെ മാതാവായ യുവതി കല്‍പ്പറ്റയില്‍ നിന്ന് പിടിയിലായി. ചവറ സ്വദേശിനിയായ 28കാരിയെയാണ് പന്മന നടുവത്തേരി സ്വദേശിയായ 23കാരനായ കാമുകനോടൊപ്പം കല്‍പ്പറ്റയില്‍നിന്ന് ചവറ പോലീസ് പിടികൂടിയത്. കഴിഞ്ഞ 18നാണ് യുവതി കാമുകനോടൊപ്പം മുങ്ങിയത്.

യുവതിയുടെ ഭര്‍ത്താവ് നടത്തിവരുന്ന ഷോപ്പിലെ ജീവനക്കാരനായിരുന്നു യുവാവ്. മൂന്നുവര്‍ഷം മുമ്പാണ് ഇയാള്‍ കടയില്‍ ജോലിക്കുവന്നത്. ഇരുവരും പ്രണയത്തിലായി. സംഭവമറിഞ്ഞ യുവതിയുടെ ഭര്‍ത്താവ് എട്ടുമാസം മുന്പ് യുവാവിനെ കടയില്‍നിന്ന് പിരിച്ചുവിട്ടു. ഇതിനുശേഷം ഇരുവരും തമ്മില്‍ മൊബൈല്‍ഫോണിലൂടെ സൗഹൃദം പുലര്‍ത്തിവരികയായിരുന്നു. യുവതി മുങ്ങിയതിനെത്തുടര്‍ന്ന് ഭര്‍ത്താവിന്റെ പരാതിയെതുടര്‍ന്ന് ചവറ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അന്വേഷണം നടത്തിവരികയായിരുന്നുവെന്ന് രാഷ്ട്രദീപികയോട് പോലീസ് പറഞ്ഞു. ബന്ധുവീടുകളില്‍ അന്വേഷിച്ചെങ്കിലും യുവതിയെ കണ്ടെത്താനായില്ല. സുല്‍ത്താന്‍ബത്തേരിയിലുള്ള ഒരു എടിഎമ്മില്‍നിന്ന് യുവതി 40000 രൂപ പിന്‍വലിച്ചതായി പോലീസിന് വിവരം ലഭിച്ചു.

അടുത്തദിവസം വയനാട്ടിലുള്ള ഒരു എടിഎം കൗണ്ടറില്‍നിന്ന് വീണ്ടും 40000 രൂപപിന്‍വലിച്ചതായുള്ള വിവരത്തെതുടര്‍ന്ന് പോലീസ് വയനാട് കേന്ദ്രീകരിച്ച് അന്വേഷണം നടത്തി. ഇതിനിടയില്‍ ലഭിച്ച ഫോണ്‍ നമ്പര്‍ മഞ്ചേരിയിലുള്ള ഒരു യുവാവിന്റേതായിരുന്നു. ഇയാളെ പോലീസ് പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് അടുത്തിടെ പരിചയപ്പെട്ട യുവതിയുടെയും കാമുകന്റെയും വിവരങ്ങള്‍ ലഭിച്ചത്. തുടര്‍ന്ന് കല്‍പ്പറ്റയിലുള്ള ഒരു ഹോട്ടലിന് സമീപംവച്ച് ബൈക്കില്‍ വരികയായിരുന്ന കാമുകനേയും കാമുകിയേയും കല്‍പ്പറ്റ പോലീസിന്റെ സഹായത്തോടെ ചവറ പോലീസ് പിടികൂടുകയായിരുന്നു. ഇവരുടെ കൈയില്‍നിന്ന് പണവും പിടിച്ചെടുത്തതായി പോലീസ് രാഷ്ട്രദീപികയോട് പറഞ്ഞു. 40 പവനും പത്തുലക്ഷം രൂപയുമായാണ് യുവതി വീടുവിട്ടതെന്ന് ഭര്‍ത്താവ് നല്‍കിയ പരാതിയില്‍ പറയുന്നു. ഇവരെ ഇന്ന് കോടതിയില്‍ ഹാജരാക്കുമെന്ന് ചവറ പോലീസ് അറിയിച്ചു.

 

Related posts