വിവാഹപ്പരസ്യവും ചിത്രങ്ങളും ഉപയോഗിച്ച് സോഷ്യല്‍മീഡിയ വഴിയുള്ള ആക്രമണം! മാനസിക സമ്മര്‍ദ്ദം താങ്ങാനാവാതെ ചെറുപുഴ സ്വദേശികളായ നവദമ്പതികള്‍ ആശുപത്രിയില്‍; നിയമനടപടികളുമായി മുന്നോട്ടെന്ന് കുടുംബം

വധുവിന് വരനേക്കാള്‍ പ്രായക്കൂടുതല്‍ ആണെന്നും വധുവിന്റെ സ്വത്ത് കണ്ട് കണ്ണ് മഞ്ഞളിച്ചാണ് വരന്‍ വിവാഹത്തിന് തയാറായതെന്നും പറഞ്ഞു പരത്തിയുള്ള സൈബര്സദാചാരക്കാരുടെ ആക്രമണത്തില്‍ മനംനൊന്ത് മാനസിക സമ്മര്‍ദ്ദത്തിലായ ദമ്പതികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കണ്ണൂര്‍ ചെറുപുഴ സ്വദേശികളായ അനൂപ് ജോസഫിന്റേയും ജൂബി ജോസഫിന്റേയും വിവാഹചിത്രം വച്ചാണ് സമൂഹമാധ്യമങ്ങളില്‍ സൈബര്‍ അക്രമികള്‍ ആക്രമണം അഴിച്ചുവിട്ടത്. വധുവിന് വരനേക്കാള്‍ പ്രായക്കൂടുതലാണെന്നും സ്ത്രീധനം മോഹിച്ച് വരന്‍ വിവാഹം കഴിച്ചതാണെന്നും ആയിരുന്നു ദുഷ്പ്രചാരണം.

സമൂഹമാധ്യമങ്ങളിലെ വ്യാജ പ്രചാരണവും സൈബര്‍ ആക്രമണവും കാരണമുണ്ടായ മാനസിക സമ്മര്‍ദ്ദം കാരണം അനൂപിനേയും ജൂബിയെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് അനൂപിന്റെ അച്ഛന്‍ ബാബു ഒരു ചാനലില്‍ പറഞ്ഞു. കുടുംബത്തിലെല്ലാവരും മാനസികമായി തകര്‍ന്നിരിക്കുകയാണെന്നും നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും ബാബു പറഞ്ഞു.

പഠനകാലം മുതല്‍ പ്രണയത്തിലായിരുന്ന അനൂപും ജൂബിയും തങ്ങള്‍ നേരിട്ട സൈബര്‍ ഗുണ്ടായിസത്തിനെതിരെ സൈബര്‍ സെല്ലിലും മുഖ്യമന്ത്രിയുടെ ഓഫീസിലും പരാതി നല്‍കിയിരുന്നു. മാനസിക പിരിമുറുക്കം കാരണം ഇപ്പോള്‍ ആശുപത്രിയിലാണെങ്കിലും സമൂഹമാധ്യമങ്ങളില്‍ വേട്ടയാടിയ ഗുണ്ടകളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരും എന്നാണ് അനൂപും ജൂബിയും തീരുമാനിച്ചിരിക്കുന്നതെന്നും വീട്ടുകാര്‍ പറയുന്നു.

Related posts