കോട്ടയം: കഞ്ചാവ് ലഹരിയിൽ കാർ ഓടിച്ച് അപകമുണ്ടാക്കിയ ദമ്പതികൾ പോലീസ് കസ്റ്റഡിയിൽ. കായംകുളം സ്വദേശി അരുൺ ഭാര്യ ധനുഷ എന്നിവരാണ് പോലീസ് പിടിയിലായത്. നിരവധി വാഹനങ്ങളിലിടിച്ചശേഷം നിർത്താതെ പോയ കാർ ക്രെയിൻ കുറുകെ നിർത്തി പോലീസ് പിടികൂടുകയായിരുന്നു.
ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് എംസി റോഡിൽ കോട്ടയം മറിയപ്പള്ളി മുതൽ ചിങ്ങവനം വരെയുള്ള ഭാഗത്ത് അപകടകരമായ രീതിയിൽ ദമ്പതികൾ വാഹനമോടിച്ചത്. അലക്ഷ്യമായി വന്ന വാഹനം റോഡിലെ മറ്റ് പല വാഹനങ്ങളിലും ഇടിച്ചു. നാട്ടുകാർ ഇവരുടെ വാഹനം തടയാൻ ശ്രമിച്ചെങ്കിലും ദമ്പതികൾ വാഹനം നിർത്താതെ പോവുകയായിരുന്നു.
തുടർന്ന് നാട്ടുകാർ ചിങ്ങവനം പോലീസിൽ വിവരം അറിയിച്ചു. പിന്നാലെ ചിങ്ങവനം എസ്എച്ച്ഒയുടെ നേത്യത്വത്തിലുള്ള സംഘം ചിങ്ങവനം സെമിനാരിപടിക്ക് സമീപം ക്രെയിൻ റോഡിന് കുറുകെ നിർത്തി ദമ്പതികളുടെ വാഹനം പിടികൂടുകയായിരുന്നു.
എന്നാൽ കാറിൽ നിന്ന് ഇറങ്ങാൻ ദമ്പതികൾ തയാറായില്ല. തുടർന്ന് ബലം പ്രയോഗിച്ച് ഇവരെ പുറത്തിറക്കുകയും ഇരുവരെയും കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഇതിന് ശേഷം ദമ്പതികളുടെ കാർ വിശദമായി പരിശോധിച്ചപ്പോൾ 5ഗ്രാം കഞ്ചാവും സ്വർണാഭരണങ്ങളും പോലീസ് കണ്ടെത്തി.
ലഹരി ഉപയോഗിച്ച് അപകടരമായി വാഹനം ഓടിച്ചെന്ന കേസാണ് ദമ്പതികൾക്കെതിരേ പോലീസ് ചുമത്തിയിരിക്കുന്നത്. അതേസമയം കാറിനുള്ളിൽ ദമ്പതികൾ തമ്മിൽ വഴക്കുണ്ടാവുകയും ഇതിന്റെ രോഷത്തിൽ വാഹനം ഓടിക്കെ മറ്റ് വാഹനങ്ങളിൽ ഇടിക്കുകയായിരുന്നെന്നും പോലീസ് വ്യക്തമാക്കി.