കൊറോണ ലോകത്തെയാകെ ഊഷരമാക്കിക്കൊണ്ടിരിക്കേ ചിലയിടത്തെങ്കിലും നന്മയുടെ പുല്‍നാമ്പുകള്‍ തളിരിടുന്നുണ്ട്.
മകളുടെ വിവാഹദിനത്തില്‍ മറ്റൊരു പെണ്‍കുട്ടിക്കു കൂടി വിവാഹഭാഗ്യമൊരുക്കിയ ദമ്പതികള്‍ സമൂഹത്തിന് മാതൃകയാവുകയാണ്.
മെയ് രണ്ടിന് രണ്ടു പെണ്‍കുട്ടികളുടെയും വിവാഹം ലളിതമായ ചടങ്ങുകളോടെ നടക്കും.
പട്ടണക്കാട് മിറാഷ് ഭവനില്‍ ടി.ആര്. തൃദീപ്കുമാറും ഗീതയുമാണ് സാമ്പത്തിക പരാധീനതകള്‍മൂലം വിവാഹം വൈകിയ അന്ധകാരനഴി കളത്തില്‍ ഇന്ദുലേഖയ്ക്കു മംഗല്യത്തിന് അവസരമൊരുക്കിയത്.
ഇന്ദുലേഖയും കളമശേരി സ്വദേശി സച്ചിനും തമ്മിലുള്ള വിവാഹം ചെമ്പകശേരി കാവിലും തൃദീപ്കുമാറിന്റെ മകള്‍ മിഷയും വാരനാട് സ്വദേശി ഹരിപ്രസാദുമായുള്ള വിവാഹം മുഹമ്മ വിശ്വഗാജി മഠത്തിലുമാണ് നടക്കുന്നത്.
ഇന്ദുലേഖയുടെ വിവാഹത്തിനു തൃദീപ്കുമാര്‍ നല്കിയ അഞ്ച് പവന് സ്വര്‍ണവും ചെലവിനുള്ള തുകയും എസ്.എന്‍.ഡി.പി. യൂണിയന് ഹാളില്‍ നടന്ന ചടങ്ങില്‍ എ.എം. ആരിഫ് എം.പി. കുടുംബത്തിനു കൈമാറി.
25000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കും നല്കി. കെ.എസ്.ഡി.പി. ചെയര്മാന് സി.ബി. ചന്ദ്രബാബു, എസ്.എന്‍.ഡി.പി. യൂണിയന് സെക്രട്ടറി വി.എന്‍. ബാബു, രവീന്ദ്രന് അഞ്ജലി, എസ്. ഗംഗപ്രസാദ് എന്നിവര്‍ പങ്കെടുത്തു.