കൊല്ലം: കടലിൽ കാണാതായ യുവ ദമ്പതികളുടെ മൃതദേഹങ്ങൾ കണ്ടെത്തി. കൊട്ടിയം പറക്കുളം കല്ലുവിളവീട്ടിൽ സുനിൽ (27), ഭാര്യ ശാന്തിനി (19) എന്നിവരുടെ മൃതദേഹങ്ങളാണ് ഇന്ന് പുലർച്ചെയോടെ പള്ളിത്തോട്ട് ഹാർബർ ഭാഗത്ത് കടലോരത്ത് അടിഞ്ഞത്.
കഴിഞ്ഞ ദിവസം ബന്ധുക്കൾക്കൊപ്പം ബീച്ചിലെത്തിയ ഇരുവരും കാൽ കഴുകുന്നതിനിടയിൽ തിരയിൽപ്പെടുകയായിരുന്നു. രണ്ടു ദിവസമായി തെരച്ചിൽ നടത്തിയെങ്കിലും ഇരുവരെയും കണ്ടെത്താനായിരുന്നില്ല.
തെരച്ചിൽ പുരോഗമിക്കുന്നതിനിടെയാണ് പുലർച്ചെ ഹാർബറിൽ മൃതദേഹങ്ങൾ തീരത്തടിഞ്ഞത്. പോലീസെത്തി മൃതദേഹങ്ങൾ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.