വീടിനുള്ളിലെ ശുചിമുറിയില്‍ കയറിയ എലിയെ പിടിക്കാന്‍ കയറി ദമ്പതികള്‍ പെട്ടു. വാതില്‍ അടഞ്ഞ് ഇരുവരും ഉള്ളില്‍ കുടുങ്ങുകയായിരുന്നു. ഇരുവരും നിലവിളിച്ചെങ്കിലും രണ്ടു മണിക്കൂറിനു ശേഷം മാത്രമാണ് വിവരം പുറത്തറിയുന്നത്. തുടര്‍ന്ന് പോലീസ് എത്തി ഇരുവരെയും രക്ഷിച്ചു.ചാത്തന്നൂര്‍ ഊറാംവിള ഓഡിറ്റോറിയത്തിനു സമീപം ഇന്നലെ രാവിലെ 6നാണു സംഭവം.
ദമ്പതികള്‍ മാത്രമാണു വീട്ടിലുള്ളത്. മക്കള്‍ ബെംഗളൂരുവിലാണ്. രാവിലെ വീട്ടിനുള്ളില്‍ കണ്ട എലി ശുചിമുറിയിലേക്കു കയറിയപ്പോള്‍ ഇരുവരും പിന്നാലെ കയറി വാതിലും അടച്ചു. എലിയെ കണ്ടെത്താന്‍ കഴിയാതായതോടെ പുറത്തിറങ്ങാന്‍ ശ്രമിച്ചെങ്കിലും വാതില്‍ തുറക്കാന്‍ കഴിഞ്ഞില്ല. ഇരുനില വീടിന്റെ താഴത്തെ നിലയിലെ ശുചിമുറിയിലാണ് ഇരുവരും കുടുങ്ങിയത്. വെന്റിലേഷന്‍ ഭാഗത്തു കൂടി ഉറക്കെ വിളിച്ചെങ്കിലും ആരും കേട്ടില്ല.
പിന്നീടു ശുചിമുറിയിലെ പ്ലാസ്റ്റിക് കപ്പിന്റെ ചുവടു ഭാഗം പൊട്ടിച്ചു മെഗാഫോണ്‍ പോലെ ആക്കി അതില്‍ കൂടി രക്ഷിക്കണേ എന്നു നിര്‍ത്താതെ ഉറക്കെ വിളിക്കുകയായിരുന്നു. അയല്‍വീട്ടിലെത്തിയ അതിഥികളാണ് നിലവിളി കേട്ടത്. ഗേറ്റ് അടച്ചുപൂട്ടിയ നിലയില്‍ ആയതിനാല്‍ പൊലീസ് മതില്‍ ചാടി ഉള്ളില്‍ക്കടന്നു. എല്ലാ വാതിലുകളും ഇരുമ്പുപട്ടകളും മറ്റും തറച്ചു പൂര്‍ണ സുരക്ഷയിലായിരുന്നു.
വീടിന്റെ നാലു വശങ്ങളിലും കാമറകളും സ്ഥാപിച്ചിട്ടുണ്ട്. ഗ്രില്ലിന്റെ വിടവിലൂടെ ഒരു പൊലീസുകാരന്‍ സിറ്റൗട്ടില്‍ കയറിയെങ്കിലും മുന്‍വാതില്‍ തുറക്കാന്‍ കഴിഞ്ഞില്ല. പൊലീസുകാരനു തിരിച്ചിറങ്ങാനും കഴിയാത്ത അവസ്ഥയായി. ഇതിനിടെ ശുചിമുറിയുടെ വെന്റിലേഷനിലൂടെ ചുറ്റിക ദമ്പതികള്‍ക്കു കൊടുത്തു. തുടര്‍ന്ന് ദമ്പതികള്‍ ചുറ്റിക കൊണ്ട് അടിച്ചു വാതില്‍ തുറക്കുകയായിരുന്നു.