പൊൻകുന്നം: വിവാഹച്ചടങ്ങ് തീർന്നയുടൻ വധു വരനൊപ്പം പുറപ്പെട്ടത് പിഎസ്സി പരീക്ഷാഹാളിലേക്ക്. പനമറ്റം തെക്കുപുറത്ത് അപ്പുക്കുട്ടൻ, ഉഷ ദമ്പതികളുടെ മകൾ അപർണയാണ് വിവാഹ വേഷത്തിൽ ഇന്നലെ നടന്ന പിഎസ്സിയുടെ വിഇഒ പരീക്ഷയ്ക്ക് പോയത്.
പനമറ്റം ഭഗവതിക്ഷേത്രത്തിൽ ഇന്നലെ ഉച്ചയ്ക്കു മുന്പായിരുന്നു വിവാഹം. പനമറ്റം കുന്നേൽ സന്തോഷ്കുമാർ, ഉഷാവതി ദമ്പതികളുടെ മകൻ രഞ്ജിത്തായിരുന്നു വരൻ.
വിവാഹം കഴിഞ്ഞയുടൻ ഇരുവരും പാമ്പാടി ആലാംപള്ളി പൊൻകുന്നം വർക്കി സ്മാരക ഹയർസെക്കൻഡറി സ്കൂളിലേക്കു പുറപ്പെട്ടു. വിവാഹ സത്ക്കാരം നടക്കുന്നതിനിടെ രക്ഷിതാക്കളുടെ അനുഗ്രഹം വാങ്ങി പരീക്ഷാഹാളിലേക്ക് പോകുകയായിരുന്നു ഇരുവരും. ഉച്ചയ്ക്ക് 1.30 മുതൽ 3.30 വരെയായിരുന്നു പരീക്ഷ. വിവാഹ വേഷത്തിൽ വരനും വധുവും പരീക്ഷാസെന്ററിലെത്തിയത് ഏവർക്കും കൗതുകം പകർന്നു.